തൃശൂര്‍: ഹോള്‍മാര്‍ക്ക് ഇല്ലെന്ന പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന സ്വര്‍ണവേട്ടയെന്ന പീഡനത്തിന്റെ ഭാഗമായി 30 ശതമാനം സ്വര്‍ണ നിര്‍മ്മാതാക്കളും സംസ്ഥാനം വിട്ടെന്ന് ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷന് (കേരള) സംസ്ഥാന ഭാരവാഹികള്‍. താമസിയാതെ ബാക്കിയുള്ള സ്വര്‍ണാഭരണ നിര്‍മാതാക്കളും സംസ്ഥാനം വിടുമെന്നും ഇതു സംബന്ധിച്ച് കോയമ്പത്തൂര്‍ ജ്വല്ലറി മാനുഫാക്ചറേഴ്സ് ആന്റ് ഹോള്‍സെയില്‍ അസോസിയേഷനുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ മുഴുവന്‍ പണി പൂര്‍ത്തിയാക്കാത്ത ആഭരണങ്ങളും വിവിധ തരം കല്ലുകള്‍ വച്ചു നിര്‍മിച്ച ആഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്യേണ്ടതില്ലെന്നാണ് ബിഐഎസ് നിര്‍ദേശം. ഇത് പരിഗണിക്കാതെ ഹോള്മാര്ക്കില്ലെന്ന കാരണത്താല്‍ കേരളത്തില്‍ മാത്രം നടപ്പാക്കിയ 130 ആക്ട് (ജിഎസ്ടി) പ്രകാരം ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ഭീമമായ പിഴ ഈടാക്കുകയും ചെയ്യുകയാണ്.
ജിഎസ്ടി അധികൃതരുടെ വേട്ടയ്ക്ക് പിന്നില്‍ സംസ്ഥാനത്തെ ആഭരണ നിര്‍മാണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നതായി ജെഎംഎ ചീഫ് പാട്രണ്‍ പി.വി ജോസ് ആരോപിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റുകളുള്ള തൃശൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ആഭരണം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ എത്തിക്കുന്നത് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാക്കിയാണ്. ജിഎസ്ടി ബില്ലും ഇഷ്യൂ വൗച്ചറും മറ്റും നല്കി ചട്ടപ്രകാരം തന്നെയാണ് ആഭരണങ്ങള്‍ വിതരണം ചെയ്യുന്നത്.
നിരന്തരം റെയ്ഡ് നടത്തി സ്വര്‍ണം പിടികൂടുന്ന ജിഎസ്ടി അധികൃതരുടെ നടപടി ആഭരണ നിര്‍മാതാക്കളെ ആത്മഹത്യയിലേക്ക് നയിക്കും. ജെഎംഎ പ്രസിഡന്റ് സി.രവീന്ദ്രന്, ജനറല്‍ സെക്രട്ടറി എ.കെ സാബു, കെ.പി ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: