സാംസ്കാരികവും ചരിത്രപരവുമായ മഹത്തായ പാരമ്പര്യം പേറുന്ന കശ്മീരിന്റെ ഭൂമികയില്‍, നിങ്ങളിലൊരാളായി നില്ക്കാന് സാധിച്ചതില്‍ എനിക്ക് അളവറ്റ ആഹ്ലാദമുണ്ട്. മഹര്‍ഷിമാരുടെ ഭൂമിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. ആത്മാന്വേഷകര്‍ ഇവിടേക്ക് എല്ലായ്പ്പോഴും ആകര്‍ഷിക്കപ്പെടുന്നു. ഈ മണ്ണില്‍ നില്ക്കാന് സാധിച്ചതിലൂടെ ഞാനും അനുഗൃഹീതനായി എന്ന് എനിക്ക് അനുഭവപ്പെടുന്നു. വിജ്ഞാനത്തിന്റെ കലവറ എന്ന നിലയില്‍ മാത്രമല്ല, അനുപമമായ പ്രകൃതിഭംഗിയുടെ മേന്മകൊണ്ടുകൂടിയാണത്.
പരമപ്രധാനമായി, കശ്മീര്‍ സര്‍വ്വകലാശാലയില്‍ നിന്ന് നല്ല നിലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ഞാന്‍ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് ബിരുദം നേടിയിരിക്കുന്നത്. ഈ എണ്ണം എന്നില്‍ മതിപ്പ് ഉളവാക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ രണ്ടര ലക്ഷത്തില്‍ അധികം ബിരുദധാരികളും ആയിരത്തിലധികം ഡോക്ടറേറ്റ് നേടിയവരും ഇവിടെയുണ്ടായി എന്നത് സ്തുത്യര്‍ഹ്യമായ പുരോഗതിയാണ്. പഠിക്കുവാനുള്ള നിങ്ങളുടെ ദാഹവും അറിവിലുള്ള വിശ്വാസവുമാണ് ഈ മാറ്റത്തിന് ഹേതുവെന്ന് നിങ്ങള്‍ ഓരോരുത്തരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് വാസ്തവത്തില്‍ പ്രചോദനാത്മകമാണ്. ഈ അംഗീകാരം ഇവിടുത്തെ അധ്യാപകര്‍ക്കും അധികാരികള്ക്കുമുള്ളതാണ്. ഈ നേട്ടം അത്ഭുതപ്പെടുത്തുന്നില്ല. കാരണം കശ്മീര്‍ എന്നും അറിയപ്പെടുന്നത് ശാരദാ ദേശം എന്നാണ്. ശ്രേഷ്ഠമായ ശാരദാപീഠം പൗരാണിക കാലത്തെ പ്രസിദ്ധമായ വിജ്ഞാന കേന്ദ്രമായിരുന്നു.
പെണ്‍കുട്ടികളുടെ ഉജ്ജ്വല വിജയവും ഒരുപോലെ ആവേശം പകരുന്നു. ഇന്ന് ബിരുദം നേടിയവരില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ്. സ്വര്‍ണമെഡല്‍ നേട്ടം മാത്രമല്ല, വിജയികളില്‍ എഴുപത് ശതമാനവും പെണ്‍കുട്ടികളാണ് എന്നത് കേവലം സംതൃപ്തി മാത്രമല്ല, അഭിമാനകരവുമാണ്. നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഒപ്പമോ അതില്‍ കൂടുതലോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് പെണ്മക്കള് പ്രാപ്തരായിരിക്കുന്നു. വനിതകള്‍ക്കിടയില്‍ സമത്വവും കഴിവും പരിപാലിക്കപ്പെടുന്നതിലൂടെ നവ ഭാരത നിര്‍മ്മാണം വിജയകരമാക്കുവാന്‍ നമുക്ക് സാധിക്കും.
ഒരു അടിത്തറ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ആണിക്കല്ല് എന്താണ് എന്ന് എല്ലാവര്ക്കും അറിയാം. ആ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസമാണ് ഒരു രാഷ്ട്രനിര്‍മ്മിതിയുടെ പ്രതിഷ്ഠാപനത്തിന്റെ ആധാരശില. വിജ്ഞാനത്തിന് എല്ലാത്തിനും അതീതമായ സ്ഥാനം നല്കുന്നതില് ഭാരതം എന്നും അഭിമാനിക്കുന്നു. ജ്ഞാനസമ്പാദനത്തിന്റെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. ആ പാരമ്പര്യമാണ് കശ്മീരിനും. നമ്മുടെ സമ്പുഷ്ടമായ പൈതൃകത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി സംയോജിപ്പിക്കുന്നത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏത് വെല്ലുവിളികളോടും ഉത്തമമായി പ്രതികരിക്കാന്‍ നമ്മെ സഹായിക്കും. ആ ദീര്‍ഘദര്‍ശനത്തോടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാര്‍, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്ര സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ എന്നിവരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി.
പുതിയ വിദ്യാഭ്യാസ നയത്തിലെ ഏതാനും കാര്യങ്ങള്‍ കശ്മീര്‍ സര്‍വ്വകലാശാല ഇതിനോടകം നടപ്പില്‍ വരുത്തി എന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു. ഇതിന് പുറമെ, ഈ നയം സമയബന്ധിതമായി നടപ്പാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഒരു കമ്മറ്റിക്ക് രൂപം നല്കി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ക്രെഡിറ്റ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാണ്. ഗവേഷണങ്ങള്‍ക്ക് കശ്
മീര്‍ സര്‍വ്വകലാശാല പ്രത്യേക ഊന്നല്‍ നല്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. പുതിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന ഘടകമാണിത്. ഇന്റര്‍ഡിസിപ്ലിനറി ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വേണ്ടി അര്‍പ്പണം ചെയ്ത ഇന്ത്യയിലെ ഏതാനും സര്‍വ്വകലാശാലകളില്‍ ഒന്നാണിത്. ഇത് യുവ ശാസ്ത്രജ്ഞരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.
സവിശേഷ പ്രാധാന്യത്തോടെ രണ്ട് പഠന കേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചുവെന്നതും കശ്മീര്‍ സര്‍വ്വകലാശാലയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്. ഇതില്‍ ഒന്ന് ഗ്ലേസിയോളജിക്ക് വേണ്ടിയും മറ്റൊന്ന് ഹിമാലയന്‍ ജൈവ വൈവിധ്യങ്ങളെ കുറിച്ചുള്ള പഠനത്തിനും വേണ്ടിയാണ്. നാഷണല്‍ ഹിമാലയന്‍ ഐസ് കോര്‍ ലബോറട്ടറിയും അവിടെയുണ്ട്.
ഈ നൂറ്റാണ്ടില്‍, മാനവ സമൂഹത്തിന് മുന്നിലുള്ള ഗുരുതര വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. എല്ലായിടത്തും ആഗോള താപനം ആഘാതം സൃഷ്ടിക്കുന്നു. എന്നാല്‍ ഹിമാലയത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ എവിടേയും ഇത് കൂടുതല്‍ അനുഭവപ്പെടുന്നില്ല. ഈ രണ്ട് പഠന കേന്ദ്രങ്ങളുടെ ഉത്കൃഷ്ടതയും ലബോറട്ടറിയും ആഗോള താപനം ചെറുക്കുന്നതില്‍ കശ്മീരിനെ സഹായിക്കുമെന്നതില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. പ്രകൃതിയെ പരിപാലിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതും എപ്രകാരമെന്നതിന് ലോകത്തിന് വഴികാട്ടിയാകുവാനും കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് സാധിക്കും. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നു എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറ്റൊരു മേന്മ. നൈപുണ്യ വികസന കോഴ്സുകള്‍, ബിരുദതല കോഴ്സുകള്‍ എന്നിവയും വിജയകരമായി നടപ്പാക്കുന്നതിനും സര്‍വ്വകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ മഹാമാരിയെ പ്രശംസാര്‍ഹമായ രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചു എന്നറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്. അത്യന്തം ക്ലേശകരമായ ഒരു കാലഘട്ടത്തെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലയിലും കൊറോണ വൈറസ് ആഘാതമുണ്ടാക്കി.
വിദ്യാഭ്യാസ മേഖലയിലും അത് പ്രകടമായി. ഭാഗ്യവശാല്‍, സാങ്കേതിക വിദ്യ അതിന് പരിഹാരം നല്കി. ഇന്ത്യയിലെമ്പാടുമുള്ള സ്കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പഠനം സാധ്യമാക്കി. കഴിഞ്ഞ വര്‍ഷം മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം, കശ്മീര്‍ സര്‍വ്വകലാശാല പഠനം അടിയന്തരമായി തന്നെ ഓണ്‍ലൈന്‍ വഴിയാക്കി. ഇ-റിസോഴ്സസും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയും പ്രകടമാക്കി.
കശ്മീരിന്റെ ഭംഗി എന്നും വര്‍ണ്ണനാതീതമാണ്. നിരവധി കവികള്‍ ആ സൗന്ദര്യത്തെ വിവരിക്കാന്‍ ശ്രമിച്ചു. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് കശ്മീരിനുള്ള വിശേഷണം. എന്നാല്‍ വാക്കുകള്‍ക്ക് അതീതമാണത്. പ്രകൃതി രമണീയതയാല്‍ സമ്പുഷ്ടമാണിവിടം. അതുപോലെതന്നെ അറിവിന്റെ കേന്ദ്രവുമാണ്. മഞ്ഞണിഞ്ഞ മലനിരകളാല്‍ ചുറ്റപ്പെട്ട കശ്മീര്‍ താഴ്വര സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മഹര്‍ഷിമാരുടേയും ദാര്ശനികന്മാരുടേയും സങ്കേതമായിരുന്നു. കശ്മീരിന്റെ സംഭാവനകളെ പരാമര്‍ശിക്കാതെ ഭാരതീയ തത്വശാസ്ത്രത്തിന്റെ ചരിത്രവും എഴുതുക അസാധ്യം. ഋഗ്വേദം രചിച്ചത് കശ്മീരില്‍ വച്ചാണ്. ഭാരതീയ തത്വചിന്താധാരകള്‍ അഭിവൃദ്ധിപ്പെടാന്‍ ഹേതുമായ ദേശവും കശ്മീരാണ്. സൗന്ദര്യാനുഭൂതിയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും, ഈശ്വര സാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും എഴുതിയ ദാര്ശനികന് അഭിനവ ഗുപ്തന്റെ നാടാണിത്. ഹിന്ദുമതവും ബുദ്ധമതവും പുഷ്ടിപ്പെട്ടതും ഇവിടെയാണ്. ഇസ്ലാം മതത്തിന്റേയും സിഖ് മതത്തിന്റേയും കടന്നുവരവ് പിന്നീടാണ് ഉണ്ടായിട്ടുള്ളത്.
നിരവധി സംസ്കാരങ്ങളുടെ സംഗമ ഭൂമികയായിരുന്നു കശ്മീര്‍. മധ്യകാലഘട്ടത്തില്‍, വ്യത്യസ്ത ആത്മീയ സമ്പ്രദായങ്ങളെ എപ്രകാരം ഇണക്കിച്ചേര്‍ക്കാം എന്ന് കാണിച്ചു തന്ന ലല്ലേശ്വരിയുടെ നാട്. കശ്മീരില്‍ സാമുദായിക ഐക്യവും സമാധാനവും എപ്രകാരം സഹവര്‍ത്തിച്ചു എന്നത് ലല്ലേശ്വരിയുടെ കൃതികളില്‍ കാണാം. നാടന്‍ കലാരൂപങ്ങള്‍, ഉത്സവങ്ങള്‍, ഭക്ഷണം, വസത്രധാരണം തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. ജീവിതത്തിന്റെ കാതല്‍ എന്നത് ഈ ഉള്ച്ചേരലായിരുന്നു. എല്ലാ മതങ്ങളേയും അംഗീകരിച്ചുകൊണ്ട്, യാഥാസ്ഥിതിക മനോഭാവത്തെ ത്യജിച്ചുകൊണ്ട്, സഹിഷ്ണുതയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, സമുദായങ്ങള്‍ തമ്മില്‍ പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള അനന്യമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു കശ്മീര്‍.
കശ്മീരിന്റെ മഹത്തായ പൈതൃകത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഇവിടുത്തെ യുവ തലമുറയ്ക്കാവണം. ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങള്‍ക്ക് പ്രതീക്ഷയുടെ ദീപസ്തംഭമായി കശ്മീര്‍ മാറുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കണം. ഇന്ത്യയെമ്പാടും കശ്മീരിന്റെ ആത്മീയവും സാംസ്കാരികവുമായ സ്വാധീനത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.
ഇവിടെ സമാധാന സഹവര്‍ത്തിത്വം തകര്‍ക്കപ്പെട്ടു എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. അക്രമം ഒരിക്കലും കശ്മീരിയത്തിന്റെ ഭാഗമല്ല. കാശ്മീരി സംസ്കാരത്തില്‍ കടന്നുകൂടിയ പരദേശിയാണത്. സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം എന്ന് ഇതിനെ പറയാം. അത് താത്കാലികമാണ്. ശരീരത്തില്‍ കടന്നാക്രമണം നടത്തുന്ന വൈറസിനെ പോലെയാണത്. അതിനെ പുറന്തള്ളണം. ഇത് പുതിയ തുടക്കമാണ്. ഇച്ഛാശക്തിയോടെയുള്ള പരിശ്രമങ്ങളിലൂടെ കശ്മീരിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കണം.
എല്ലാ വ്യത്യാസങ്ങളേയും ഇണക്കിച്ചേര്‍ത്തുകൊണ്ട്, പൗരന്മാരില് അന്തര്‍ലീനമായിരിക്കുന്ന ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരാനുള്ള ശേഷി ജനാധിപത്യത്തിനുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ വീക്ഷണം കശ്മീര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തം ഭാവിയും, സമാധാനവും സമൃദ്ധിയും നിറഞ്ഞ നാളെയും പടുത്തുയര്‍ത്താന്‍ ജനാധിപത്യം നിങ്ങളെ അനുവദിക്കും. യുവാക്കള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇതിന് താങ്ങാവാന്‍ സാധിക്കും. കശ്മീരിന്റെ പുനര്‍നിര്‍മ്മാണവും ജീവിതത്തിന്റെ പുനരുദ്ധാരണവും സാധ്യമാക്കുന്ന ഈ അവസരം അവര്‍ പാഴാക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.
രാജ്യം മുഴുവന്‍ അഭിമാനത്തോടെയും ആദരവോടെയും കശ്മീരിനെ ഉറ്റുനോക്കുന്നു. സിവില്‍ സര്‍വീസ്, കായികം, വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കാശ്മീരി യുവത്വത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള കൂടിയാലോചന വേളയില്‍ ഞാന്‍ എന്റെ സ്വപ്നത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗമായി കശ്മീരിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അത് അധികം വൈകാതെ യാഥാര്‍ത്ഥ്യമാക്കാന്‍ ഇവിടുത്തെ പുതുതലമുറയ്ക്ക് സാധിക്കും എന്നും എനിക്കുറപ്പുണ്ട്. ഒരിക്കല്‍ കൂടി ഇവിടുത്തെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഞാന്‍ അനുമോദിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ വിജയാശംസകളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: