മക്കളേ,
ജീവിതം ഒരു പാഠശാലയാണ്. ഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പകര്‍ന്നു തരാന്‍ കഴിയുന്നതിലും മൂല്യമേറിയ അറിവ് അതു നമുക്കു പകര്‍ന്നുതരുന്നു. ജീവിതത്തിലെ ഓരോ അനുഭവത്തില്‍നിന്നും നമുക്കു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ അതിന് ശ്രദ്ധയും, ജിജ്ഞാസയും ആവശ്യമാണ്.
പല രീതികളില്‍ നമുക്ക് അറിവു നേടാന്‍ കഴിയും. ശ്രദ്ധാപൂര്‍ണ്ണമായ നിരീക്ഷണത്തിലൂടെയും ശ്രവണത്തിലൂടെയും അറിവു നേടാം.
സ്വയം ചിന്തിച്ചും മറ്റുള്ളവരെ ആശ്രയിച്ചും അറിവു നേടാം. എന്നാല്‍ അറിയാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും വിനയവും ഉണ്ടായിരിക്കണം.
ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദമാണ് ഭഗവദ്ഗീത. ഉപനിഷത്തുക്കളും സംവാദരൂപത്തിലാണ്. അതുപോലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പലയിടത്തും ഗുരുശിഷ്യസംവാദരൂപത്തിലുള്ള ആദ്ധ്യാത്മികചര്‍ച്ചകള്‍ കാണാം. എന്നാല്‍ ആ ചോദ്യങ്ങളൊന്നും ശിഷ്യന്റെ അഹങ്കാരത്തില്‍നിന്നുള്ള ചോദ്യങ്ങളായിരുന്നില്ല. അറിയാന്‍ വേണ്ടി ചോദിച്ചവയാണ്. അങ്ങനെയായാല്‍ തീര്‍ച്ചയായും സംശയനിവാരണമുണ്ടാകും. ഒരു ആദ്ധ്യാത്മികസാധകന് തുറന്നമനസ്സോടെ വേണം ഗുരുവിനെ സമീപിക്കുവാന്‍. എങ്കിലേ അവിടുത്തെ ഉദ്ബോധനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.
ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ് വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന് അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി. ആ യുവാവ് കുറെ നാളായി ഒരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും സത്രത്തിലെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു.
മഹാത്മാവ് കാഴ്ചയില്‍ വെറും സാധാരണക്കാരനായിരുന്നു. അതുകൊണ്ട് ഗ്രാമമുഖ്യന് കാര്യമായി ബഹുമാനമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ യുവാവ് വളരെ ആദരവോടെ മഹാത്മാവിനെ വണങ്ങിയിട്ടു പറഞ്ഞു, ‘അങ്ങ് എനിക്ക് എന്തെങ്കിലും ഒരു ഉപദേശം തന്ന് അനുഗ്രഹിക്കണം.’
ഇതുകേട്ടതും മഹാത്മാവ് ഒന്നും മിണ്ടാതെ, എഴുന്നേറ്റ് ഒരു മെഴുകുതിരി കത്തിച്ച് മേശപ്പുറത്തുവെച്ചു. ഒരു നൂലെടുത്ത് അതിന്റെ അറ്റം കൂര്‍പ്പിച്ച് അത് സൂചിയില്‍ കോര്‍ത്തു. എന്നിട്ട് ഒരു കീറിയ ഉടുപ്പെടുത്ത് തുന്നിത്തുടങ്ങി. അങ്ങനെ കുറച്ചു സമയം കടന്നുപോയി. മഹാത്മാവ് മൗനമായി ഉടുപ്പു തുന്നിക്കൊണ്ടിരുന്നു. അപ്പോള്‍ യുവാവിന്റെ അപേക്ഷയെക്കുറിച്ച് ഗ്രാമമുഖ്യന് മഹാത്മാവിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മഹാത്മാവ് ഒന്നുംമിണ്ടാതെ തുന്നല്‍ തുടര്‍ന്നു. ആ സമയം യുവാവ് മഹാത്മാവിനെത്തന്നെ നോക്കി ശാന്തനായിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഗ്രാമമുഖ്യനും യുവാവും മഹാത്മാവിനോട് യാത്രപറഞ്ഞിറങ്ങി.
പിറ്റേന്ന് ഗ്രാമസഭ കൂടിയപ്പോള്‍ ഗ്രാമമുഖ്യന് ഗ്രാമീണരോട് താനും യുവാവുംചേര്‍ന്ന് മഹാത്മാവിനെ കാണാന്‍പോയ കാര്യം പറഞ്ഞു. അവര്‍ ചോദിച്ചു, ‘മഹാത്മാവ് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയോ?’ ‘ഹേയ്, ഒന്നും മിണ്ടിയില്ല. മുഴുവന്‍ സമയവും അദ്ദേഹം ഒരു കീറിയ വസ്ര്തം തുന്നുകയായിരുന്നു.’ ഗ്രാമമുഖ്യന് പറഞ്ഞു.
എന്നാല്‍ യുവാവിന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു, ‘വിലപ്പെട്ട മൂന്ന് ഉപദേശങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് എനിയ്ക്കു കിട്ടിയത്. ഞാന്‍ ചോദ്യം ചോദിച്ചയുടനെ അദ്ദേഹം ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. അതിന്റെ അര്‍ത്ഥം നമ്മള് മെഴുകുതിരിപോലെ സ്വയമെരിഞ്ഞ് ലോകത്തിന് വെളിച്ചമാകണം എന്നാണ്. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം സൂചി കൈയിലെടുത്തത്. സൂചി കൈകാര്യം ചെയ്യുന്നത്ര സൂക്ഷ്മതയോടെ ഓരോ കര്‍മ്മവും ചെയ്യണമെന്ന് എനിക്ക് അതില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞു. നൂലിന്റെ വിടര്ന്നുനില്ക്കുന്ന തുമ്പ് മുറിച്ചുകളഞ്ഞശേഷമാണ് അദ്ദേഹം നൂല് സൂചിയില്‍ കോര്‍ത്തത്. അതുപോലെ മനസ്സിനെയും ഏകാഗ്രമാക്കണം. മനസ്സ് ഏകാഗ്രമായാല്‍ മാത്രമേ നൂലു പോലെ ഈശ്വരസ്മരണ ഇടമുറിയാതെ നിലനിര്‍ത്താനാകൂ എന്നാണ് അതിനര്‍ത്ഥം.
ഈ കഥയിലെ യുവാവിന് മഹാത്മാവില്‍നിന്ന് അറിവുനേടാനുള്ള ആഗ്രഹമുണ്ടായിരുന്നു. വിനയവും ശ്രദ്ധയുമുണ്ടായിരുന്നു. അതിനാല്‍ അവന് ആ മഹാത്മാവിന്റെ ചലനങ്ങളില്‍നിന്നുപോലും പഠിക്കാന്‍ കഴിഞ്ഞു. ഒരേ കാര്യംതന്നെ രണ്ടുപേര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ അവരവരുടെ സംസ്ക്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരും അര്‍ത്ഥം ഗ്രഹിക്കുന്നത്. അവര്‍ എന്താണ് ഉള്‍ക്കൊണ്ടിട്ടുള്ളതെന്നു തുടര്‍ന്നുള്ള അവരുടെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാകും.
ജിജ്ഞാസയും ശ്രദ്ധയുമില്ലാത്തവര്‍ എത്ര കണ്ടാലും കാണുന്നില്ല, എത്ര കേട്ടാലും കേള്‍ക്കുന്നില്ല, കേട്ടാലും ഗ്രഹിയ്ക്കുന്നില്ല. ഗ്രഹിച്ചാലും അതൊട്ട് ഉള്ളില്‍ ഉറയ്ക്കുന്നുമില്ല. എന്നാല്‍ ശ്രദ്ധയും ജിജ്ഞാസയുമുള്ള ഒരാള്‍ക്ക് ജീവിതത്തിലെ ഓരോ അനുഭവവും സത്യത്തിലേയ്ക്കുള്ള കവാടമാണ്. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം ഈശ്വരന് തനിക്കായി നല്കുന്ന സന്ദേശങ്ങളാണ്. അവയെല്ലാം അവന് എന്നും നന്ദിയോടെ സ്മരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: