കൊല്ലം:ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് അനവാശ്യമായി പെറ്റി നല്‍കിയ പോലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് നേരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. ചടയമംഗലത്താണ് സംഭവം. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ ക്യൂ നിന്നയാള്‍ക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെയാണ് ജോലി തടസ്സപ്പെടുത്തി എന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ഥിയായ ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. പിഴ ചുമത്തപ്പെട്ട മധ്യവയസ്‌കനും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്‌നം തിരക്കിയപ്പോള്‍ പൊലീസ് ഇവര്‍ക്കെതിരെയും പെറ്റി എഴുതി നല്‍കി. പെറ്റിക്കടലാസ് പൊലീസിന്റെ മുന്നില്‍വെച്ച് തന്നെ കീറിയെറിഞ്ഞതോടെ വാക്‌പോര് രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുതരുതെന്ന് പറഞ്ഞപ്പോള്‍ അസഭ്യം വിളിച്ചെന്നും അതില്‍ പ്രതിഷേധിച്ചപ്പോള്‍ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രിത ദിവസങ്ങളില്‍ മാത്രം പ്രവൃത്തിക്കുന്ന ബാങ്കുകളില്‍ അത്യാവശ്യ ഇടപാടിനെത്തിയവര്‍ക്കുനേരെയാണ് പൊലീസിന്റെ നടപടി. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി.
സംഭവത്തെ പറ്റി പറയുന്നത് ഗൗരിനന്ദ ഇങ്ങനെ- അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വരുകയായിരുന്നു ഞാന്‍. എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവില്‍ നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതര്‍ക്കം നടക്കുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ പൊലീസുകാര്‍ എന്നോട് പേരും മേല്‍വിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നല്‍കുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാന്‍ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ശബ്ദമുയര്‍ത്തി മറുപടി നല്‍കിയത്. നീ ഒരു ആണായിരുന്നെങ്കില്‍ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: