ഛണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി അടുത്തിടെ ചുമതലയേറ്റടുത്ത നവ്ജോത് സിദ്ദുവിന്റെ ‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് പോകുന്നു’വെന്ന പരാമര്‍ശത്തിനെതിരെ ഇടനിലക്കാരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിഷേധം. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന ഇടനിലക്കാരുട സംഘടനകളുമായി കൂടിക്കാഴ്ച നടത്താനുള്ള താത്പര്യം പ്രകടിപ്പിച്ചായിരുന്നു വെള്ളിയാഴ്ച സിദ്ദുവിന്റെ പ്രസ്താവന. ‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് പോകുന്നു. കിണര്‍ ദാഹിക്കുന്നവരുടെ സമീപത്തേക്ക് എത്തില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ നാല്പത് സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പരാമര്‍ശത്തോട് നല്ല രീതിയിലല്ല പ്രതികരിച്ചത്. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയെ വിമര്‍ശിച്ചു. സിദ്ദുവിന്റെ പ്രസ്താവന പ്രതിഷേധക്കാര്‍ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ ഇതിനെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. ശനിയാഴ്ച രൂപ്നഗറില്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇടനിലക്കാര്‍ സിദ്ദുവിനെ കരിങ്കൊടി കാട്ടിയിരുന്നു.
‘ധാര്‍ഷ്ട്യത്തോടെയുള്ള പ്രസ്താവനയാണ് സിദ്ദുവിന്റേത്. സിദ്ദുവിനെ കാണാന്‍ സമരക്കാര്‍ വരണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. സമരക്കാരെ അദ്ദേഹം അവഹേളിച്ചു’-മോര്‍ച്ച നേതാവ് മഞ്ജീത് സിംഗ് റായി പറഞ്ഞു. പ്രസ്താവന തിരിച്ചടിച്ചതോടെ വിശദീകരണവുമായി സിദ്ദു രംഗത്തെത്തി. പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെട്ടുവെന്നും സിദ്ദു വ്യക്തത വരുത്തി. നഗ്നപാദനായി സമരക്കാരെ കാണാന്‍ പോകുമെന്നും വാഗ്ദാനം ചെയ്ത് പ്രതിഷേധം തണുപ്പിക്കാനും സിദ്ദു ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: