കൊല്ലം: ഓണം വരുന്നു കച്ചവടം നടത്താന്‍ അനുവദിക്കണം ഞാന്‍ ഈ റോഡരുകില്‍ ഇരുന്നോളാം സാര്‍…റോഡരികില്‍ വര്‍ഷങ്ങളായി വഴിയോര കച്ചവടം നടത്തുന്ന സഹദേവന് പോലീസിനോട് പറഞ്ഞു. കഞ്ഞികുടിക്കാന്‍ റേഷനരി ഉണ്ട് പക്ഷെ മരുന്ന് വാങ്ങണം ഹൃദയസംബന്ധമായ അസുഖം ഉണ്ട് സാര്‍… വഴിയോര കച്ചവടകാരുടെ അവസ്ഥയാണിത്. കൊവിഡ് കാലത്ത് ജീവിതം എവിടെയെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ വഴിമുട്ടി വഴിയോരകച്ചവടക്കാര്‍ പട്ടിണിയില്‍.
കാലവര്‍ഷപ്പെയ്ത്തിനിടെ ചുടുകണ്ണീര് വീണ് പൊള്ളുകയാണ് വഴിയോര ജീവിതങ്ങള്‍. വഴിയോര വില്‍പ്പന കേന്ദ്രങ്ങളിലൂടെ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്നവരാണ് വഴിയോര കച്ചവടക്കാര്‍. പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും തുണിത്തരങ്ങളും ചെരിപ്പുകളും തുടങ്ങി പലവിധ സാധനങ്ങള്‍ വിറ്റിരുന്നവര്‍ ഇന്ന് മുഴുപട്ടിണിയിലാണ്.
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട്. രണ്ടാം ലോക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും ദുരിതത്തില്‍ നിന്ന് കരയറാനാകുന്നില്ല. ജില്ലയില്‍ 5000ത്തോളം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക് നഗര പരിധിയില്‍ മാത്രം 1500ലധികം ആളുകള്‍ വഴിയോര കച്ചവടം നടത്തുന്നുണ്ട്. ഒന്നാം ലോക്ഡൗണില്‍ ജോലി നഷ്ടമായവരും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസികളും താത്കാലിക ആശ്വാസമായി ഈ മേഖല തിരഞ്ഞെടുത്തിരുന്നു. അവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം വര്‍ധിക്കും.
അവശ്യ സാധന വില്പനയ്ക്കുള്ള അനുമതി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരുണ്ട്. താല്‍ക്കാലികമായി പോലും തൊഴില്‍ കണ്ടെത്താന്‍ കഴിയാതെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കൊല്ലം നഗരത്തില്‍ കച്ചവടത്തിനെത്തുന്നവരില്‍ വലിയൊരു ഭാഗവും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ്. പൊതുഗതാഗതം നാമമാത്രമായി മാറിയതോടെ ഇളവ് ലഭിച്ചിട്ടും വരാനാകാത്ത സ്ഥിതിയുണ്ട്. ഹോട്ടലുകള്‍ക്ക് തുറക്കാന്‍ അനുവാദമുള്ളപ്പോഴും വഴിയോര കച്ചവട വിഭാഗത്തില്‍ വരുന്ന തട്ടുകടകള്‍ക്ക് അനുമതിയില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ പോലും ലഭിക്കാന്‍ നടപടിയില്ല. കൊവിഡ് കാരണം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയന് നേതാക്കള്‍ക്ക് ലഭിക്കുന്നത്. യൂണിയനുകള്‍ ഇടപെട്ട് ചിലയിടങ്ങളില്‍ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും ആവശ്യമായവര്‍ക്കെല്ലാം എത്തിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് എല്ലാദിവസവും അനുമതി നല്‍കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: