കൊട്ടാരക്കര: മരംമുറി വിവാദത്തില്‍ മോഷണ കുറ്റം ആരോപിച്ച് കേസെടുത്ത സാഹചര്യത്തില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് പരിപാടി കണ്ടശേഷം കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ ചെയര്‍മാന്‍ തന്നെ ലക്ഷക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തിയ കേസില്‍ പ്രതിയായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുമ്പോഴും ചെയര്‍മാനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതിനു കാരണം രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടാണ്.
മുഖ്യമന്ത്രി, സിപിഎം നേതാക്കള്‍ എന്നിവരുമായി കേരള കോണ്‍ഗ്രസ് (ബി) നേതാവിനുള്ള ബന്ധം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. അഴിമതിക്കാരെ സഹായിക്കുന്ന മൃദു സമീപനമാണ് കോണ്‍ഗ്രസിന്റേതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര, നഗരസഭ സമിതി അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര, രാജീവ് കേളമത്, സുരേഷ് അമ്പലപ്പുറം, രാജന്‍ പുലരി, കൗണ്‍സിലര്‍മാരായ അരുണ്‍ കാടാം കുളം, ഗിരീഷ്‌കുമാര്‍, സബിത, ബിനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: