ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നിയന്ത്രണം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കേണ്ട ചുമതല നിര്‍വഹിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഇക്കാര്യം ചെയ്യണം. കേരളത്തില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്തുകൊണ്ടുള്ള നഗ്നമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളാണെന്നും ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന ആരോഗ്യ മന്ത്രി എന്ന നിലയില്‍ വീണാ ജോര്‍ജ് തികഞ്ഞ പരാജയമാണെന്ന് ചുരുങ്ങിയ നാള് കൊണ്ട് തെളിയിച്ചു. കേരളത്തിലെ ടിപിആര്‍ നിരക്ക് ഉയരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ചേര്‍ന്ന ആരോഗ്യ മന്ത്രി തന്നെയാണ് വീണാ ജോര്‍ജ്. വൈകുന്നേരം പിണറായി വിജയന് നടത്തുന്ന പതിവ് പത്രസമ്മേളനങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പരിപാടിയായി മാറിയ സ്ഥിതിക്ക് അവ റദ്ദാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച എറണാകുളത്ത് നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യോഗം നടത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അടക്കമുള്ള ഐഎന്‍എല്‍ നേതാക്കളെ മുഴുവന്‍ പോലീസ് അറസ്റ്റ് ചെയ്യണം. ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തണം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്ത ബാക്കി നാല് സര്‍ക്കാരുകളും ചടങ്ങ് ലളിതമാക്കിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിയാണ് അഹമ്മദ് ദേവര്‍കോവിലിനെ നയിക്കുന്നത്. പന്ത്രണ്ട് പേര് മാത്രം പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം കൊവിഡ് പ്രോട്ടോക്കോള്‍ പറഞ്ഞ് തടഞ്ഞ കേരളാ പോലീസ് ഇത്ര വലിയ നിയമ ലംഘനം ഉണ്ടായിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ല. പാവപ്പെട്ടവന് അത്യാവശ്യ കാര്യത്തിന് പുറത്ത് ഇറങ്ങിയാല്‍ വലിയ പിഴ അടപ്പിക്കുന്ന പോലീസ് സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണിയും നടത്തുന്ന ഇത്തരം പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടച്ച് ഇരിക്കുകയാണ്, പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: