കാര്‍ഗില്‍ യുദ്ധ വിജയാഘോഷ വേളയുടെ വാര്ഷികത്തില്ക്കൂടിയാണല്ലോ നാമിപ്പോള്‍ കടന്നുപോകുന്നത്. കാര്‍ഗില്‍ പല തലങ്ങളിലും ഒരു വിജയമായിരുന്നു – യുദ്ധഭൂമിയില്‍, നയതന്ത്ര തലത്തില്‍, കൂട്ടത്തില്‍ ഭരണ നൈപുണ്യത്തിലും. അപ്രതീക്ഷിതമായി വന്ന ഒരു കടന്നു കയറ്റത്തെ ഒരു തന്ത്രപരമായ സമഗ്ര വിജയത്തിലേക്ക് നയിച്ച ഒരു വീരഗാഥയാണ് കാര്‍ഗില്‍ യുദ്ധത്തിന് പറയാനുള്ളത്.
കാര്‍ഗില്‍ പോലെ ദുര്‍ഘടം പിടിച്ച ഒരു പ്രദേശത്ത് സൈന്യത്തിന് ചെറു പോസ്റ്റുകള്‍ ശൈത്യകാലത്ത് നിലനിര്‍ത്താന്‍ പ്രയാസമായി വരാറുണ്ട്. അങ്ങനെയുള്ള പോസ്റ്റുകള്‍ ‘വിന്റര്‍ വെക്കേറ്റഡ് പോസ്റ്റ്സ്’ അല്ലെങ്കില്‍ ശൈത്യകാലത്ത് ഒഴിഞ്ഞു പോകുന്ന പോസ്റ്റുകള്‍ എന്നാണ് തരം തിരിച്ചിട്ടുള്ളത്. അതിശൈത്യവും ക്രമാതീതമായ ഹിമപാതവും മൂലമാണ് അതിര്‍ത്തിയില്‍ ചില പോസ്റ്റുകള്‍ ഇങ്ങനെ ഒഴിച്ചിടേണ്ടി വരാറുള്ളത്. ഇത് രണ്ടു വശത്തും നടക്കാറുള്ള ഒരു ശൈത്യകാല പ്രക്രിയയാണ്. ഈ പോസ്റ്റുകളില്‍ സാധാരണ ഗതിയില്‍ ഒരു നുഴഞ്ഞു കയറ്റത്തിന് ഇരു വശവും മുതിരാറില്ല. എന്നാല്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളും അതില്‍നിന്നുരുത്തിരിഞ്ഞു വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പയിയുടെ ലാഹോര്‍ ‘സമാധാന യാത്ര’യുമൊക്കെ തങ്ങളുടെ സ്വാധീന വലയത്തെ സാരമായി ബാധിക്കുമെന്നു കണ്ട് വിറളി പിടിച്ച അന്നത്തെ പാക് സേനാധിപന് പര്‍വേസ് മുഷറഫിന്റെയും പാക്കിസ്ഥാന് സേനയുടെയും വഞ്ചനാപരമായ നീക്കമായിരുന്നു കാര്‍ഗില്‍ മേഖലയിലെ ഒഴിഞ്ഞു കിടന്ന പര്‍വ്വത ശിഖരങ്ങളില്‍ ആട്ടിടയന്മാരെന്ന് ഭാവിച്ചുള്ള നുഴഞ്ഞു കയറ്റം. രണ്ടു വശത്തുമുള്ള ‘ബക്കര്‍വാള്‍സ്’ എന്ന് വിളിക്കുന്ന ആട്ടിടയന്മാര്
നിര്‍ബാധം ഈ മലമുകളിലൂടെ നടന്ന് കയറാറുള്ളത് കൊണ്ടും തുടര്‍ച്ചയായ ഹിമപാതം കൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സാദ്ധ്യമാവാതെ വന്നതുകൊണ്ടുമാണ് നുഴഞ്ഞുകയറ്റം കണ്ടു പിടിക്കപ്പെടാതെ പോയത്. എന്നാല്‍ ആട്ടിടയന്മാരില് നിന്ന് വിവരം കിട്ടിയശേഷം ഒട്ടും വൈകാതെ പട്രോളുകള്‍ സംഭവസ്ഥലത്തെത്തിച്ചേരുകയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നിയന്ത്രണാതീതമാവുകയാണുണ്ടായത്. കാര്‍ഗില്‍ യുദ്ധഭൂമിയുടെ അപ്രാപ്യമായ മലഞ്ചെരിവുകളില്‍ പര്‍വ്വതാരോഹണ സാമഗ്രികളുപയോഗിച്ച് നമ്മുടെ മിടുക്കരായ സൈനികര്‍ നടത്തിയ പ്രത്യാക്രമണം പാക് സേന തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മാത്രമല്ല ഒരു കല്ലുരുട്ടിയിട്ടാല്‍ പാളിപ്പോകാവുന്ന ആക്രമണം ഇത്ര വിദഗ്ധമായി ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടികള്‍ നടപ്പിലാക്കുമെന്ന് പാക്കിസ്ഥാന് തീരെ കണക്കുകൂട്ടിയിരുന്നില്ല.
കമ്പനി-ബറ്റാലിയന് ലവലില്‍ നടത്തി വിജയം വരിച്ച ഓരോ ഓപ്പറേഷനും ‘ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍’ (അത്യുയരങ്ങളില്‍ നടക്കുന്ന യുദ്ധം) ഇതിഹാസത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നവയായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് പാണ്ഡെ, മേജര്‍ രാജേഷ് സിംഗ് അധികാരി, റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍, മേജര്‍ വിവേക് ഗുപ്ത, നായ്ക് ദിഗേന്ദ്ര കുമാര്‍ തുടങ്ങിയ വീര യോദ്ധാക്കളുടെയും അവരുടെ കൂട്ടാളികളുടെയും ത്യാഗോജ്ജ്വലമായ വീരശൂരത്വം പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ അത്മ ധൈര്യവും പ്രതിരോധശേഷിയും പാടെ ഇല്ലാതാക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഭാരതീയ സേനകളുടെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള യുദ്ധകാല വൈഭവം കാര്‍ഗില്‍ പര്‍വ്വത ശൃംഖലകളില്‍ നമുക്ക് തിളക്കമാര്‍ന്ന വിജയം കാഴ്ച വയ്ക്കുകയാണ് ചെയ്തത്.
ഒരു പ്രാദേശികമായ സങ്കീര്‍ണ്ണതയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ അതിനെ ഒരു തന്ത്രപരമായ വിജയത്തിലേക്ക് നയിച്ചതും പാകിസ്ഥാനെ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഒറ്റപ്പെടുത്താന്‍ സാധിച്ചതുമാണ് ഭരണപരവും നയതന്ത്രപരവുമായ വിജയങ്ങള്‍. ഇങ്ങനെ എല്ലാ തലങ്ങളിലും നമുക്ക് വിജയം നേടിത്തന്ന കാര്‍ഗില്‍ യുദ്ധം രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ പ്രത്യേകിച്ചും സൈനിക ഇതിഹാസത്തില്‍ ഒരു സവിശേഷ സ്ഥാനം അലങ്കരിക്കുന്നു.
വ്യക്തിപരമായി കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് എനിക്കോര്‍ക്കുവാന്‍ വളരെയധികം ഓര്‍മ്മകള്‍ ബാക്കി നില്ക്കുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് ജമ്മുവിന് തെക്കും പഠാന്‍കോട്ടിന് വടക്കുമായി സ്ഥിതി ചെയ്യുന്ന ‘സാംബാ’ സെക്ടറിന്റെ പ്രതിരോധത്തിനുത്തരവാദിത്വം വഹിക്കുന്ന ആര്‍മി ‘ഡിവിഷന്റെ’ കവചിത വിഭാഗത്തിന്റെ (ആര്‍മേഡ് റെജിമെന്റ്) കമാന്‍ഡന്റ് ആയിരുന്നു ഞാന്‍ അക്കാലത്ത്). സാംബാ സെക്ടര്‍ പാകിസ്ഥാനുമായുള്ള ഉരസലുകളില്‍ എപ്പോഴും ഒരു പ്രത്യേക സ്ഥാനം വഹിച്ചിട്ടുണ്ട്. ശ്രീനഗറിലേക്കുള്ള നാഷണല്‍ ഹൈവേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുകയെന്നത് പാക്കിസ്ഥാന്റെ എക്കാലത്തെയും സൈനിക ലക്ഷ്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അങ്ങനെ ഒരു ലക്ഷ്യം കൈവരിക്കാന്‍ സഹായകമായ ഒരു ഭൂപ്രദേശമാണ് ‘സാംബാ സെക്ടര്‍’. നാഷണല്‍ ഹൈവേയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്ത് കവചിത വിഭാഗത്തെ കേന്ദ്രീകരിച്ച് ഒരു മിന്നലാക്രമണത്തിന് സാദ്ധ്യതയുള്ള ഒരു സ്ഥലമാണ് ‘സാംബാ’. അതുകൊണ്ടുതന്നെയാണ് സാംബാ സെക്ടറിന് നമ്മുടെ പ്രതിരോധ പ്ലാനുകളില്‍ ഒരു സവിശേഷമായ സ്ഥാനമുള്ളത്. കാര്‍ഗിലില്‍ തുടര്‍ച്ചയായി തിരിച്ചടി അഭിമുഖീകരിച്ചിരുന്ന പാകിസ്ഥാന് ശ്രദ്ധ തിരിക്കുവാന്‍ വേണ്ടി സാംബായിലൊരു മിന്നലാക്രമണം നടത്തുന്നതിനുള്ള എല്ലാ സാധ്യതകളും നിലനിന്നിരുന്ന അക്കാലത്ത് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സാംബാ സെക്ടറിലെ യുദ്ധ ഗതിവിഗതികള്‍ നി
ര്ണായകമാകുമായിരുന്നു. തുകൊണ്ടുതന്നെ അതീവ കരുതലോടും തയ്യാറെടുപ്പോടും കൂടിയായിരിന്നു ഞങ്ങള്‍ ഈ സെക്ടറില്‍ വിന്യസിക്കപ്പെട്ടിരുന്നത്. അക്കാലത്തെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത മുതല്ക്കൂട്ടുകളാണ്.
കേണല്‍ രാജീവ് മണ്ണാളി
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,
എസ്യുടി ആശുപത്രി, പട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: