തിരുവനന്തപുരം: കേരളത്തിലൂടെയുള്ള റെയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഷൊര്‍ണൂര്‍-എറണാകുളം പാത ട്രിപ്പിള്‍ ലൈന്‍ ആക്കുന്നു. ഇതിനായി 1500 കോടി രൂപ റെയില്‍വേ അനുവദിച്ചുവെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി. പി. മമ്മിക്കുട്ടിയുടെ സബ്മിഷനു മറുപടിയായി മന്ത്രി വി.അബ്ദുറഹ്മാനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ടെന്നും ജലവിതരണത്തിനായി 1.59 കോടി രൂപ അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. എറണാകുളം, പൂങ്കുന്നം, പൂങ്കുന്നംഷൊര്ണൂര് എന്നിങ്ങനെ 2 സെക്ഷനായി ഓട്ടോമാറ്റിക് സിഗ്നലിങ് ഏര്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതില്‍ എറണാകുളംപൂങ്കുന്നം സപ്ലിമെന്ററി ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂര്‍ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി ഏറ്റെടുക്കും.
എറണാകുളം ജംക്ഷനില്‍ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതു സജീവ പരിഗണനയിലാണെന്നു അധികൃതര്‍ പറഞ്ഞു. വൈകാതെ തന്നെ 2ാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പുതിയ മേല്‍നടപ്പാലത്തിന്റെ കരാര്‍ ഉടന്‍ നല്‍കും. സൗത്ത് സ്റ്റേഷനെ മെട്രോയുമായി ബന്ധിപ്പിക്കുന്നതു സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുക്കും. പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂര നിര്‍മാണം സൗത്തില്‍ സെപ്റ്റംബറിലും നോര്‍ത്തില്‍ ഡിസംബറോടെയും പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: