തൃശൂര്‍: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് 65,124 വിദ്യാര്‍ത്ഥികള്‍ക്ക്. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ കണക്കാണിത്. സഹായം ആവശ്യമുള്ളവരുടെ വിഭാഗത്തിലാണ് ഈ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മദനമോഹനന്‍ അറിയിച്ചു.
54,448 വിദ്യാര്‍ത്ഥികള്‍ വായ്പ വഴി ഫോണ്‍ വാങ്ങേണ്ടവരായുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കില്‍ പറയുന്നു. സഹകരണ സംഘങ്ങളില്‍ നിന്ന് ‘വിദ്യാതരംഗിണി’ പദ്ധതി വഴിയാണ് കുട്ടികള്‍ക്ക് വായ്പ അനുവദിക്കുക. സാമ്പത്തിക ശേഷിയുള്ളവരായി ജില്ലയില്‍ 1,03,586 കുട്ടികളുണ്ടെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 65,124 വിദ്യാര്‍ത്ഥികളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ, ആദിവാസി വിഭാഗത്തിലുള്ള കുട്ടികളും ഉള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ പട്ടികതിരിച്ചുള്ള കണക്ക് പ്രത്യേകം എടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തരംതിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓരോ സ്കൂളുകളില്‍ നിന്ന് അതതു ഉപജില്ലാ ഓഫീസുകളിലേക്ക് നല്‍കിയിരുന്നു. ക്ലാസുകള്‍ പകല്‍ നടക്കുകയാണെങ്കില്‍ വീട്ടില്‍ രണ്ടു കുട്ടികളുണ്ടെങ്കില്‍ ക്ലാസ് കാണാന്‍ സൗകര്യമുണ്ടോ, ഇല്ലെങ്കില്‍ സ്വന്തമായി ഫോണ്‍ വാങ്ങാന്‍ സാധ്യമാണോ, മൊബൈല്‍ വാങ്ങാന്‍ സാധ്യമല്ലെങ്കില്‍ ബാങ്ക് വായ്പ വഴി സാധിക്കുമോ, ഇതിന് സാധിക്കില്ലെങ്കില്‍ സാമൂഹിക സ്രോതസ്സില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നീ വിവരങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
സ്കൂളുകളില്‍ നിന്ന് ‘സമ്പൂര്‍ണ’ വഴി എടുത്ത കണക്ക് ക്രോഡീകരിച്ച് ഉപജില്ലാ ഓഫീസര്‍മാര്‍ പിന്നീട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് കൈമാറി.
65,124 വിദ്യാര്‍ത്ഥികള്‍ക്കും ടാബ് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി. ടാബ് വാങ്ങുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫണ്ട് കണ്ടെത്തുക. ജില്ലയിലെ എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കും വിദ്യാര്‍ത്ഥികളുടെ പട്ടിക നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടിന് പുറമേ എംഎല്‍എമാരുടെയും എംപിമാരുടെയും ആസ്തി വികസന ഫണ്ടും വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ടും പൊതുനന്മ ഫണ്ടും പദ്ധതിയ്ക്കായി ചെലവഴിക്കും. വിദ്യാഭ്യാസം, തദ്ദേശം, സഹകരണം, പട്ടികജാതി വികസനം എന്നീ വകുപ്പുകളുടെ ഫണ്ടുകളും പദ്ധതിയ്ക്കായി ഉപയോഗിക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണവും പദ്ധതിയ്ക്കായി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: