തൃപ്പൂണിത്തുറ: കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം നടത്തിയ ചോറ്റാനിക്കര ക്ഷേത്രനഗരി പദ്ധതി അനിശ്ചിതത്തില്‍. ചോറ്റാനിക്കര ദേവിക്ഷേത്ര പരിസരം വികസിപ്പിച്ച് ടൂറിസ്റ്റ് സൗഹൃദ കേന്ദ്രമാക്കുന്നതായിരുന്നു പദ്ധതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഞ്ച് കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതി 10 വര്‍ഷമായിട്ടും അനങ്ങിയിട്ടില്ല.
സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുകോടി രൂപ പദ്ധതിക്ക് വേണ്ടി അനുവദിച്ചു നല്കി. പദ്ധതി തയാറാക്കുമ്പോള്‍ ദേവീക്ഷേത്രപരിസര റോഡുകളുടെ നവീകരണം, റിങ് റോഡ്, കുടിവെള്ള പദ്ധതി, നടപ്പന്തല്‍ നവീകരണം, പാര്‍ക്കിങ് ഗ്രൗണ്ട് നവീകരണം, ക്ഷേത്രനഗരിയ്ക്ക് പടിഞ്ഞാറും തെക്കുംപ്രവേശന കവാടങ്ങളില്‍ ആലങ്കാരികകമാനങ്ങള്, ഇരുകമാനങ്ങള്ക്കിടയില് പൊതുനിരത്തില്‍ ഉയരത്തില്‍ പന്തല്‍, സോളാര്‍ ലൈറ്റുകള്‍, ഫാനുകള്‍ തുടങ്ങി നൂതന അടിസ്ഥാന വികസനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി.
തദ്ദേശവകുപ്പ് നേരിട്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയ്ക്ക് പൊതുമരാമത്ത്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ടെലഫോണ്‍സ്, ദേവസ്വം തുടങ്ങിയ വകുപ്പുകളുടെ നിരാക്ഷേപ പത്രങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ഇവയൊന്നും സമയബന്ധിതമായി നേടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതോടൊപ്പം ചോറ്റാനിക്കരയില്‍ എറണാകുളം പിറവം പൊതുമരാമത്ത് പ്രധാന പാതയില്‍ ക്ഷേത്ര നഗരിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥിരമേല്പന്തല്, കമാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക തടസം ഉയര്‍ത്തി അനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പദ്ധതി പരിഷ്കരിച്ച് സമര്പ്പിച്ചിരിക്കുയായിരുന്നു.
പുതിയ പദ്ധതിയില്‍ റിങ് റോഡ് വികസനം, നഗരിയിലെ പ്രധാന പൊതുമരാമത്ത് പാത വശങ്ങള്, ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളില്‍ സൗന്ദര്യവല്‍ക്കരണം, ക്ഷേത്രത്തിനു തെക്ക് ഭാഗത്തും വടക്കുവശത്തുമുള്ള പഞ്ചായത്ത് റോഡുകളില്‍ മേല്പ്പന്തല് നിര്‍മ്മിക്കല്‍ എന്നിവ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച പദ്ധതിരേഖ സമര്‍പ്പിച്ചെങ്കിലും നാളിതുവരെ അനുമതിയായില്ല. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയും ബിജെപിയും പല പ്രക്ഷോഭങ്ങളും പഞ്ചായത്തിന് മുന്നിലും ക്ഷേത്രത്തിനു മുന്നിലും നിരന്തരം നടത്തിയിട്ടും പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടു പോവുകയാണ് പഞ്ചായത്ത് ഭരണസമിതി.
ലക്ഷക്കണക്കിന് രൂപ വരുമാനം കിട്ടുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഭക്തര്‍ക്ക് ഒരു കാത്തിരിപ്പുകേന്ദ്രം പോലും നിര്‍മിക്കാനുള്ള തുക പോലും വകയില്ലാത്ത ഒരു പഞ്ചായത്താണ് ചോറ്റാനിക്കര പഞ്ചായത്ത് എന്ന് ഭക്തജന സമിതി ആക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: