ചെറുവത്തൂര്‍ : ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടു നല്കി ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം. ഇതിനായി നിലവിലെ സ്ഥാലത്തു നിന്നും ക്ഷേത്രം മാറ്റിപ്പണിയാനും ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചു.
ദേശീയപാത 66-ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം കൂടി ഇതില്‍ ഉള്‍പ്പെട്ടിരുന്നു. നാടിന്റെ വികസനം ഉള്‍ക്കൊണ്ട് ഇതില്‍ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിര്‍ക്കാതെ ക്ഷേത്രം മാറ്റിപ്പണിയാന്‍ ക്ഷേത്രക്കമ്മിറ്റിയും നാട്ടുകാരും ഒത്തൊരുമിച്ചു തന്നെ തീരുമാനം എടുക്കുകയായിരുന്നു.
ഇതിനായി ക്ഷേത്രം തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി ഇതിനുള്ള പ്രവര്‍ത്തനവും തുടങ്ങി. ഇതിന്റെ ഭാഗമായി ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് ബാലാലയത്തില്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ബാലാലയത്തില്‍ ആരാധന തുടരും.
അള്ളട ദേശത്ത് ചെറുവത്തൂരിടത്തെ ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാര് പണിത ക്ഷേത്രം പിന്നീട് നാട്ടുകാരേറ്റെടുക്കുകയായിരുന്നു.
ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം പൊറുക്കുമെന്ന് അടുത്തിടെ ഹൈക്കോടതിയും പരാമര്‍ശിച്ചിരുന്നു. ലോകത്തോടൊപ്പം നടക്കണമെന്നാണ് ഋഷീശ്വരന്മാര് പറഞ്ഞിട്ടുള്ളത്. ദൈവം ലോകമാകെ നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണ്. നമുക്ക് ആരാധിക്കാനുള്ള സൗകര്യത്തിനാണ് ക്ഷേത്രങ്ങള്‍ പണിയുന്നത്. ഒരു വ്യക്തിയുടെയോ ഗ്രാമത്തിന്റെയോ ആവശ്യത്തിനല്ല ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത്. രാജപാതയൊരുക്കാനാണ്. അവിടെ മാനുഷിക പരിഗണനയ്ക്കപ്പുറം രാജ്യതാത്പര്യത്തിനാണ് പ്രാമുഖ്യമെന്നും ക്ഷേത്രം തന്ത്രി നെല്ലിയോട്ട വിഷ്ണു നമ്പൂതിരിപ്പാട് ഇതിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: