തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം. പ്രധാന സ്ഥലങ്ങളില്‍ കര്‍ശ്ശനമായ പോലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ തുടരും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കൊറോണ സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇത് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. ഡി ക്യാറ്റഗറിയില്‍ പെട്ട സ്ഥലങ്ങളില്‍ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ അനുവദിക്കൂ. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും.
കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ക്വാറന്റൈന് സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്പിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കും. ക്വാറന്റൈന് സൗകര്യം ലഭ്യമല്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിമാര്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിട്ടിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവല്‍ക്കരിക്കും. വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും.
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുമ്പേ രോഗികളുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവിദഗ്ധര്‍ താക്കീത് നല്‍കിയിട്ടുണ്ട്. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര് ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരത്തിലേക്ക് എത്തും. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന് എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കോവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: