ന്യൂദല്‍ഹി: കനത്ത മഴയും മഞ്ഞും വെയിലും കൊടിയ തണുപ്പും ചൂടും ഒന്നും പ്രശ്‌നമല്ല, ഏതുകാലാവസ്ഥയിലും ഇനി നമ്മുടെ ദേശീയ പതാക പാറിപ്പറക്കും, ഒരു കേടുപാടുമില്ലാതെ.
ദേശീയ പതാക നിര്‍മ്മിക്കാന്‍, കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന പുതിയ തുണിത്തരം ദല്‍ഹി ഐഐടിയും സ്വാട്രിക് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചു. കാലാവസ്ഥാ മാറ്റങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും അതിജീവിക്കാന്‍ കഴിയുന്നതാണിത്. മാത്രമല്ല ഭാരവും കുറവാണ്. അതിനാല്‍ ഉയര്‍ത്തിക്കിടന്നാല്‍ ഭാരം മൂലം കീറിപ്പോകുന്നതും ഒഴിവാകും. ടെക്‌സ്‌റ്റൈല്‍സ്, ഫൈബര്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ടുമെന്റിലെ ഗവേഷകര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് സ്വാട്രിക്.
വര്‍ഷം മുഴുവന്‍ ദേശീയ പതാക ഉയര്‍ത്താന്‍ പൗരന് അധികാരമുണ്ടെന്ന് വ്യക്തമാക്കി 2002 ജനുവരില്‍ 26ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ അവകാശത്തെ 2004 ജനുവരി 23ന് സുപ്രീം കോടതിയും അംഗീകരിച്ചു. പക്ഷെ പതാക അന്തസ്സോടെ പാറിപ്പറക്കണം. അതിന് കേടു വരാന്‍ പാടില്ല. അതിനുള്ള തുണി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം. ഏതു മോശം കാലാവസ്ഥയേയും ചെറുക്കുന്ന തുണി കണ്ടെത്തുകയായിരുന്നു വെല്ലുവിളി.അത് സാധിച്ചു.
ഐഐടിയിലെ പ്രൊഫ. ബിപിന്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ഫ്‌ലാഗ് ഫൗണ്ടേഷന്റെ കൂടി സഹായത്തോടെയാണ് ഇതിന്റെ നിര്‍മ്മാണം. ദേശീയ പതാക പ്രചരിപ്പിക്കാനും അത് അന്തസ്സോടെ ഉയര്‍ത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫ്‌ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: