ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ടെങ്കില്‍ ആ ഫോണ്‍ പരിശോധനയ്ക്ക് നല്കാന് തയ്യാറാവണമെന്ന് ബിജെപി. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയെന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അവ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് ആവശ്യപ്പെട്ടു.
മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം ആരംഭിച്ച ഈ ഫോണ്‍ ചോര്‍ത്തല്‍ പ്രചാരണം രാജ്യത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകളുടെ തുടര്‍ച്ച മാത്രമാണ്. പെഗാസസ് സോഫ്റ്റ് വെയര്‍ തന്റെ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ അതു ശാസ്ത്രീയമായി തെളിയിക്കാന്‍ ഫോണ്‍ വിട്ടുനല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരം വ്യാജ ആരോപണങ്ങളുമായി നടക്കുകയല്ല വേണ്ടത്. 2014ന് പിന്നാലെ 2019ലും ലോക്സഭയില്‍ പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം നിരാശകള്‍ക്ക് കാരണമെന്നും റാത്തോഡ് പറഞ്ഞു.താന്‍ ഉപയോഗിച്ചിരുന്ന എല്ലാ ഫോണുകളും അമിത് ഷാ ചോര്‍ത്തിയെന്നും ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ ഉപയോഗിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനുള്ള വെല്ലുവിളിയില്‍ രാഹുല്‍ മറുപടി പറയാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: