ആലപ്പുഴ: വ്യാജവക്കീലിനെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതില്‍ ദുരൂഹത. രാഷ്ട്രീയ ഇടപെടലുകള്‍ സെസി സേവ്യറെ സംരക്ഷിക്കുന്നതില്‍ ഉണ്ടെന്ന് ആരോപണം ശക്തമാകുന്നു. ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഇവരെ കേരളത്തിന് വെളിയില്‍ സംരക്ഷിക്കുന്നത് ജനപ്രതിനിധികളടക്കമാണെന്നാണ് ആക്ഷേപം. രണ്ടു വര്‍ഷത്തിലേറെയായി രാമങ്കരി സ്വദേശിനിയായ ഇവര്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചതും ബാര്‍ അസോസിയേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയായി പ്രവര്‍ത്തിച്ചതിലും ദൂരൂഹതയുണ്ടെന്നാണ് ഒരു വിഭാഗം അഭിഭാഷകര്‍ പറയുന്നത്.
ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ബാര്‍ അസോസിയേഷനില്‍ യാതൊരു പരിശോധനയും കൂടാതെ അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം. അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ ചിലര്‍ ഇവര്‍ വ്യാജ അഭിഭാഷകയാണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കാതെ ഭാരവാഹി തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇടതു അഭിഭാഷക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പിന്തുണയില്‍ ഇവര്‍ക്ക് റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കാനും സാധിച്ചു.
എന്നാല്‍ സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന് ഭാരവാഹികള്‍ ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കള്ളിവെളിച്ചത്തായതോടെ മുന്‍പ് പിന്തുണച്ചിരുന്ന സംഘടനകളെല്ലാം സെസിയെ തള്ളി രംഗത്തെത്തി. മുന്‍ ഭരണസമിതിയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയതെന്ന് ഇപ്പോഴത്തെ ഭരണക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍, വ്യാജ അഭിഭാഷകയെ മത്സരിപ്പിച്ചവരാണ് തെറ്റ് ചെയ്തതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ആലപ്പുഴയിലെ അഭിഭാഷക സമൂഹത്തിന് അപമാനകരമായി മാറിയ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടായാകന്‍ അസോസിയേഷന് ശക്തമായി രംഗത്തിറങ്ങണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ജില്ലാക്കോടതിയെ ഉള്‍പ്പെടെ കബളിപ്പിച്ച ഇവര്‍ക്കു മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാര്‍ അസോസിയേഷനാണ്. കേസിന്റെ തെളിവുകള്‍ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ജില്ലാജഡ്ജിയെ ഉള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: