കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവ്. ഒപ്പം 1,60,000 രൂപ പിഴയും എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു. 2005-ല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായശേഷം രാജ്യംവിട്ട എറണാകുളം സ്വദേശിയായ കെ എ അനൂപ് 2016-ലാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. എറണാകുളത്തിനും സേലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് തട്ടിയെടുത്ത് തീവച്ച സംഭവവുമായി ബന്ധപ്പെട്ട് 2005 സെപ്റ്റംബറില്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്.
ഈ സമയം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തടയിന്റവിട നസീറും സംഘവും ചേര്‍ന്ന് അക്രമം നടത്തിയത്. 2010-ല്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കേസ് ഏറ്റെടുത്തു. തുടര്‍ന്ന് അനൂപ് ഉള്‍പ്പെടെ 14 പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, പിഡിപിപി എന്നീ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം നല്കി.
മദനിയുടെ ഭാര്യ സൂഫിയ മദനിയും പ്രതിപ്പട്ടികയിലുണ്ട്. വ്യത്യസ്ത കുറ്റങ്ങള്‍ക്കാണ് കോടതി തിങ്കളാഴ്ച തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. ആകെ ആറുവര്‍ഷം തടവും 1,60,000 രൂപ പഴിയുമാണ് ശിക്ഷയായി കോടതി വിധിച്ചതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. മറ്റ് പ്രതികളുടെ വിചാരണ തുടരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: