കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമലയുടെ മൊഴി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അമല ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അര്‍ജുനെതിരെയുള്ള കുരുക്കുകള്‍ ഒന്നുകൂടി മുറുകിയിരിക്കുകയാണ്.
അര്ജുന് ആയങ്കിക്ക്് കള്ളക്കടത്ത് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇയാളുടെ അടുത്ത സുഹൃത്തും ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറിയുമായ സജേഷും വെളിപ്പെടുത്തിയിട്ടുണ്ട്. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അര്ജുന് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്രിമിനല്‍ ബന്ധമുള്ള അര്ജുന് ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കും. കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് ഇയാള്‍. കണ്ണൂര്‍ ആസ്ഥാനമായി അര്‍ജുന്റെ നേതൃത്വത്തില്‍ ഒന്നിലധികം കള്ളക്കടത്ത് സംഘങ്ങളുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ അര്ജുന് മര്‍ദനമേറ്റെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും കസ്റ്റംസ് പറഞ്ഞു. അര്ജുന്, ഭാര്യ അമല, സുഹൃത്ത് സജേഷ് എന്നിവരുടെ മൊഴികള്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിപറയും.
നിലവില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന അര്ജുന് ആയങ്കിയെ ജയിലിനുള്ളില്‍ ചോദ്യംചെയ്യാന്‍ പോലീസും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്കി കഴിഞ്ഞു.
അതിനിടെ കുറ്റകൃത്യങ്ങളില്‍ അര്‍ജുന്റെ പങ്കാളിയും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തു. അര്‍ജുന്റെ മുഴുവന്‍ കുറ്റകൃത്യങ്ങളും ആകാശിനറിയാമെന്ന സാക്ഷിമൊഴിയെ തുടര്‍ന്നാണ് ആകാശിനെ ചോദ്യംചെയ്തത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ ആകാശിന്റെ സാന്നിധ്യമുള്ളതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: