ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സില്‍ യോഗം, രാജ്യവ്യാപകമായി സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ മോചനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഹിന്ദു സമൂഹത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ്. ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം പ്രസ്തുത മതവിഭാഗങ്ങള്‍ക്കാണ്. ഇത് നിരുപാധികം അനുവദിച്ചുകൊടുക്കുന്ന സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ കയ്യടക്കി വച്ച് ഭരണം നടത്തുന്നു. സഹസ്രകോടികള്‍ വിലമതിക്കുന്ന ക്ഷേത്ര സ്വത്തും, ഭക്തജനങ്ങള്‍ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന പണവും സംഭാവനകളും പലയിടത്തും അഹിന്ദുക്കളും ഹിന്ദുവിരുദ്ധരും ഈശ്വരവിശ്വാസികളല്ലാത്തവരുമായ ഭരണാധികാരികള്‍ തന്നിഷ്ടംപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിവേചനാധികാരവുമില്ലാതെ നഗ്നമായ ചൂഷണത്തിനു മുന്നില്‍ നോക്കുകുത്തികളായി നില്‍ക്കേണ്ടി വരുന്ന ദുര്‍ഗതിയാണ് ഹിന്ദു സമൂഹത്തിനുള്ളത്. സൂര്യനു കീഴിലുള്ള സര്‍വകാര്യങ്ങളും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്നു വാശിപിടിക്കുന്ന ചില രാഷ്ട്രീയ-ഭരണ നേതൃത്വവും ക്ഷേത്ര ഭരണത്തിന്റെ കാര്യം വരുമ്പോള്‍ അത് ആവശ്യമില്ലെന്ന നയത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും വഞ്ചിക്കുകയാണ്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് ലഭിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ ഹിന്ദു സംഘടനകള്‍ ഗൗരവത്തിലെടുക്കണം.
നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഹിന്ദുക്കള്‍ക്ക് മാത്രം നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ക്ഷേത്ര ഭരണകാര്യത്തില്‍ ഉള്ളത്. ക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, ക്ഷേത്രം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും വിവിധ കേസുകളില്‍ സുപ്രീംകോടതി തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്ര ഭരണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ക്ഷേത്രഭരണത്തിന് പരമ്പരാഗതമായി അവകാശമുള്ള ദീക്ഷിതര്‍ കുടുംബത്തിന് അത് തിരിച്ചു നല്കാന് ഉത്തരവിടുകയുണ്ടായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരിക്കാനുള്ള അധികാരവും സര്‍ക്കാരിനല്ല, പരമ്പരാഗതമായ അവകാശികള്‍ക്കാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതാണല്ലൊ. പരമോന്നത നീതിപീഠത്തില്‍നിന്ന് ഇങ്ങനെയുള്ള വിധികള്‍ ഉണ്ടായിട്ടേയില്ലെന്ന മട്ടിലാണ് ഇപ്പോഴും ക്ഷേത്രഭരണം സര്‍ക്കാരുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ ക്ഷേത്രം ഭരിക്കുന്നവര്‍ ചെയ്തു കൂട്ടാത്ത അനീതികള്‍ ഇല്ലെന്നു തന്നെ പറയാം. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആരാധനാലയങ്ങള്‍ ഭരിക്കുന്നതുപോയിട്ട് അവയുടെ എണ്ണമെടുക്കാന്‍ പോലും മടിക്കുകയും പേടിക്കുകയും ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നതെന്നതിന് മറുപടിയുണ്ടാവാറില്ല.
കേരളത്തിലെ ക്ഷേത്രങ്ങള്‍ ഭരിച്ചുകൊള്ളാന്‍ പറഞ്ഞ് ഭക്തജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചതല്ല. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയും മറ്റ് വസ്തുവഹകളും സ്വന്തമായുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതാണ്. സര്‍ക്കാര്‍ ഭരണത്തിനു കീഴില്‍ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമിയാണ് അന്യാധീനപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശ ഈ കയ്യേറ്റക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്ര ഭൂമി വീണ്ടെടുക്കാന്‍ മൂന്നാര്‍ മോഡല്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും നടപടികള്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. നാമമാത്രമായ ഭൂമിയാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ കൈവശമിരിക്കേണ്ടത് ഈ കയ്യേറ്റക്കാരുടെയും ആവശ്യമാണ്. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമപരമായി യാതൊരു തടസ്സവുമില്ല. പാട്ടക്കാരന് അധീനതയില്‍ വച്ചുകൊണ്ടിരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിച്ചത് സമീപകാലത്താണ്. ഗുരുവായൂരും കൂടല്മാണിക്യവുമുള്പ്പെടെ പല മഹാക്ഷേത്രങ്ങളുടെ ഭൂമിയും വന്‍തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ പല ക്ഷേത്രങ്ങളിലും അന്തിത്തിരി വയ്ക്കാന്‍ പോലും വരുമാനമില്ലാതിരിക്കെയാണ് ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുത്ത് ചിലര്‍ ദൈവം തമ്പുരാനെക്കാള്‍ വലിയ തമ്പുരാക്കന്മാരായി വാഴുന്നത്. ക്ഷേത്ര വിമോചനം രാഷ്ട്രീയ വിമുക്തമാക്കേണ്ടത് ഹിന്ദുക്കളുടെ ആവശ്യം മാത്രമല്ല, തുല്യനീതിയുടെ പ്രശ്നം കൂടിയാണ്. ഇതിന് പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പുറമെ നിയമപ്പോരാട്ടങ്ങള്‍ നടത്താനും ഹൈന്ദവ സംഘടനകള്‍ തയ്യാറാവണം. യഥാര്‍ത്ഥ വിജയമിരിക്കുന്നത് അവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: