ആര്. കൃഷ്ണനുണ്ണി/കുണ്ടറ (കൊല്ലം):
എല്ലാവര്ക്കും ഭവനം, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആദ്യ പട്ടികയില്‍ ഇടംപിടിക്കേണ്ടവര് പോലും പടിക്കുപുറത്ത്. സര്‍ക്കാര്‍ കാപട്യത്തിന്റെ നേര്‍സാക്ഷ്യമാണ് കുണ്ടറ കിണര്‍ അപകടത്തില്‍ മരിച്ച ശിവപ്രസാദിന്റെയും രാജന്റെയും കുടുംബങ്ങളുടെ ദുരിത ജീവിതം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു മരിച്ച നാലുപേരും. ശിവപ്രസാദും രാജനും സ്വന്തമായ വീടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ സര്‍ക്കാര്‍ കനിഞ്ഞില്ല.
സഹോദരിയുടെ വീടിനോട് ചേര്‍ന്ന് കെട്ടിയ താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു ശിവപ്രസാദ്, അച്ഛന്, അമ്മ എന്നിവരുടെ താമസം. മഴയ്ക്കും ചെളിക്കും ഒപ്പം ജീവിതം തള്ളി നീക്കുകയായിരുന്നു കുടുംബം. താല്‍ക്കാലിക ഷെഡ്ഡില്‍ നിന്ന് സ്വന്തം വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ശിവപ്രസാദ്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച അഞ്ചു സെന്റു ഭൂമിയില്‍ ഒരു ഭവനം നിര്‍മിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു രാജന്. വാടക വീട്ടിലാണ് രാജന്റെ കുടുംബം താമസിക്കുന്നത്. പഞ്ചായത്ത് വഴി വീടുകള്‍ക്കുള്ള ശ്രമം നടത്തിവരുന്നതിനിടയിലാണ് ഇരുവരേയും മരണം തേടിയെത്തിയത്. അധികാരികളോട് ചോദിച്ചാല്‍ ‘എല്ലാം ശരിയാകും’ എന്ന മറുപടിയില്‍ അവര്‍ വിശ്വസിച്ച് മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായ അവസ്ഥയിലായി മാറിയില്ലേ എന്നു നാട്ടുകാര്‍ ചോദിക്കുന്നു.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയോട് കേരള സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ഏറ്റവും അര്‍ഹരായവര്‍ക്ക് പോലും വീടുകള്‍ ലഭിക്കാന്‍ വൈകുന്നത്. പിഎംഎവൈ പേരുമാറ്റി കേരളത്തില്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ സിപിഎം താല്പര്യമാണ് ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. പല സ്ഥലങ്ങളിലും അര്‍ഹരായവര്‍ പട്ടികയ്ക്കു പുറത്തു നില്ക്കുമ്പോള്, അനര്‍ഹരായ ‘വേണ്ടപ്പെട്ടവര്‍’ പട്ടികയില്‍ കടന്നു കൂടുന്നു.
രാജ്യത്ത് ഇതര സംസ്ഥാനങ്ങള്‍ പിഎംഎവൈ പദ്ധതി വളരെ വേഗത്തില്‍ നടപ്പാക്കുമ്പോള്‍ കേരളത്തില്‍ ഇഴഞ്ഞു നീങ്ങുകയാണ്. പിഎംഎവൈ പദ്ധതി പ്രകാരം 2020ല്‍ രാജ്യത്ത് 1.07 കോടി വീടുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 1.20 ലക്ഷം വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. 11-ാം സ്ഥാനത്താണ് കേരളം. ആന്ധ്രപ്രദേശ്-20.15 ലക്ഷം, ഉത്തര്‍പ്രദേശ്-17.47 ലക്ഷം, മഹാരാഷ്ട്ര-12.34 ലക്ഷം, മധ്യപ്രദേശ്-7.99 ലക്ഷം, ഗുജറാത്ത്- 6.93 ലക്ഷം, തമിഴ്നാട്- 6.82 ലക്ഷം, കര്‍ണാടക- 6.57 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി.
നഷ്ടപരിഹാരത്തിലും വിവേചനം
കിണര്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിലും വിവേചനമെന്ന് ആക്ഷേപം. മരിച്ചവരെല്ലാം പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട വളരെ നിര്ധനരായിട്ടു പോലും ആശ്വസമാകുന്ന രീതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
സമാനമായി സംസ്ഥാനത്തുണ്ടായ അപകടങ്ങളില്‍ അഞ്ചു മുതല്‍ പത്തു ലക്ഷം വരെ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുണ്ടറ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നിലവില്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും അടിയന്തര ധനസഹായമായുള്ള 75000 രൂപയും മാത്രമാണ് ലഭിക്കുക.
18 വയസ് പൂര്‍ത്തിയായ മക്കള്‍ ഉള്ളവര്‍ക്ക് രണ്ടു ലക്ഷത്തിന് അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ മരിച്ചവരില്‍ ഒരാളായ സോമരാജന്റെ കുടുംബത്തിന് ഈ സഹായം ലഭിക്കാന്‍ സാധ്യത കുറവാണ്. പ്രത്യേക പരിഗണനയില്പ്പെടുത്തിയാല് മാത്രമാണ് സോമരാജന്റെ കുടുംബത്തിന് ഈ തുക ലഭിക്കുക. ആശ്രയത്വം നഷ്ടമായ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും അഞ്ചു ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറ പെരുമ്പുഴയിലുണ്ടായ അപകടത്തില്‍ ചെറുമൂട് ഇടവട്ടം ചിറക്കോണം വയലില്‍തറ പുത്തന്‍വീട്ടില്‍ (ശ്രുതിലയം) സോമരാജന് (56), പെരുമ്പുഴ പുനുക്കന്നൂര്‍ പുന്നവിള വീട്ടില്‍ രാജന് (36), കുരീപ്പള്ളി തൈക്കാവ് മുക്ക് പണയില്‍ വീട്ടില്‍ മനോജ് (32), പെരുമ്പുഴ ചിറയടി ഷിബു ഭവനത്തില്‍ ശിവപ്രസാദ് (വാവ-22) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: