കുന്നത്തൂര്‍: മലിനജലം കാശുകൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് കുന്നത്തൂര്‍ നിവാസികള്‍. ചേലൂര്‍ പുഞ്ചയില്‍ നിന്നും ടാങ്കിലെത്തിച്ച ശേഷം യാതൊരു ശുദ്ധീകരണവും നടത്താതെ ജലം പമ്പ് ചെയ്യുകയാണ് വാട്ടര്‍ അതോറിറ്റി. തകരാറിലായ ക്ലോറിനേഷന് പ്ലാന്റ് പുന:സ്ഥാപിക്കാത്തതാണ് മലിനജലം ശുദ്ധീകരിക്കാതെ കുടിവെള്ളമായി ജനങ്ങളിലേക്കെത്താന്‍ കാരണം.
താലൂക്കിലെ കുന്നത്തൂര്‍ പഞ്ചായത്ത്, പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം, ശാസ്താംകോട്ട പഞ്ചായത്തിലെ പുന്നമൂട്, കരിത്തോട്ടുവ, പെരുവേലിക്കര, പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അതോറിട്ടിയുടെ പരിധിയിലുള്ള ചേലൂര്‍ കുടിവെള്ള പദ്ധതിയിലൂടെയാണ് വര്‍ഷങ്ങളായി മലിനജലം വിതരണം ചെയ്യുന്നത്. പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള ജലസംഭരണി പായല്‍ മൂടിയിട്ട് വര്‍ഷങ്ങളായി. ശുദ്ധീകരണ പ്ലാന്റിലെ ആകെ ഉണ്ടായിരുന്ന ക്ലോറിനേഷന് പ്ലാന്റ് തകരാറിലായി വര്‍ഷങ്ങളായെങ്കിലും ശുദ്ധീകരിക്കാതെ 24 മണിക്കൂറും ജലവിതരണം തുടരുകയാണ്.
പുഞ്ചയ്ക്ക് ചുറ്റുമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളെല്ലാം മഴക്കാലത്ത് പുഞ്ചയിലേക്കാണ് ഒഴുകി എത്തുന്നത്. ഈ മലിനജലമാണ് യാതൊരു ശുദ്ധീകരണവും നടത്താതെ ജല അതോറിട്ടി നാട്ടുകാരിലേക്ക് എത്തിക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണന്ന് മുമ്പ് നടന്ന പരിശോധനയില്‍ വ്യക്തമായതാണ്. മഞ്ഞ നിറത്തോടെ ലഭിക്കുന്ന വെള്ളത്തിന് അസഹനീയമായ ഗന്ധമാണന്നും നാട്ടുകാര്‍ പറയുന്നു.
ആവശ്യമായ ഫില്‍ട്ടറിങ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിരവധി തവണ ടെണ്ടര്‍ വിളിച്ചെങ്കിലും കരാര്‍ എടുക്കാന്‍ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ജലവിതരണം മുടക്കാനും സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: