തിരുവനന്തപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ ആരോഗ്യ രക്ഷക് പോളിസി പദ്ധതിയുമായി എല്‍ഐസി. മറ്റു മെഡി ക്ലെയിം പോളിസികള്‍ ഉള്ളവര്‍ക്കും ചേരുന്നതോടെ അധിക ആനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതി ആണിത്. ആശുപത്രിയില്‍ കിടന്നു ചികിത്സ വേണ്ടി വരുന്ന അവസരത്തില്‍ 2,500 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിദിന ആനുകൂല്യം തിരഞ്ഞെടുക്കാവുന്നതാണ്. ശസ്ത്രക്രിയകള്‍ വേണ്ടി വന്നാല്‍ പട്ടികയില്‍ പെട്ട 263 ഇനങ്ങള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ 20 മുതല്‍ 100 മടങ്ങു വരെ സര്‍ജിക്കല്‍ ആനുകൂല്യവും ഉണ്ടാകും. 244 ഇനം മെഡിക്കല്‍ ഡേ കെയര്‍ നടപടികള്‍ക്ക് പ്രതി ദിന ആനുകൂല്യത്തിന്റെ 5 മടങ്ങ് തുക അധികമായി ലഭിക്കും.
ഈ രണ്ടു പട്ടികകളിലും പെടാത്ത മറ്റു സര്‍ജിക്കല്‍ നടപടികള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ രണ്ടര മടങ്ങ് തുക ലഭിക്കും.
30 ദിവസത്തിലധികം ആശുപത്രിയില്‍ ചിലവഴിക്കേണ്ടിവന്നാല് എന്ന നിലയില്‍ പ്രതി ദിന ആനുകൂല്യത്തുകയുടെ 10 മടങ്ങ് അധികമായി ലഭിക്കും. കൂടാതെ ഡെങ്കി, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ക്ക് ആശുപത്രി മാനേജ്മെന്റ് തുകയും, പ്രതിദിന ആനുകൂല്യ തുക ഓരോ 3 വര്‍ഷത്തിലും 15 ശതമാനം വര്‍ധിക്കുന്ന ഓട്ടോ സ്റ്റെപ്പപ്പ് എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. കൂടാതെ ഓരോ മൂന്ന് വര്‍ഷത്തിലൊരിക്കലും ഹെല്‍ത്ത് ചെക്കപ്പ് ആനുകൂല്യവും ലഭ്യമാണ്.
ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ കുടംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒറ്റ പോളിസിയിലൂടെ സംരക്ഷണം ലഭിക്കും. പോളിസി ഉടമ മരണപ്പെട്ടാല്‍ പോളിസിയില്‍ ഉള്‍പ്പെട്ട മറ്റു കുടുംബാംഗങ്ങള്‍ക്ക് 15 വര്‍ഷം വരെ പ്രീമിയം അടക്കാതെ തന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും. പദ്ധതികളുടെ ഉദ്ഘാടനം എല്‍ഐസി തിരുവനന്തപുരം മൂന്നാം നമ്പര്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ മനേജര്‍ ആനന്ദി ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ ബ്രാഞ്ച് മാനേജര്‍ കെ.എസ്.സുജയ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ഏജന്റുമാരായ വേണു, സുനില്‍കുമാര്‍, ഉദ്യോഗസ്ഥ പ്രതിനിധി അഷറഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: