ഇടുക്കി: ചൊവ്വാഴ്ച പുലര്‍ച്ചെ വീശിയടിച്ച കൊടുങ്കാറ്റിനും ശക്തമായ മഴക്കും കാരണം സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം. വലിയൊരു പ്രദേശമാകെ ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമാകുന്ന ഇടി മേഘ(കൂമ്പാര)ങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി രൂപപ്പെട്ട് ഒരേ ദിശയില്‍ സഞ്ചരിക്കുന്നതാണ് സ്‌ക്വാള്‍ ലൈന്‍ എന്നറിയപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശത്തിലൂടെ നീങ്ങിയത് ഇത്തരത്തിലുണ്ടായ 200 കിലോ മീറ്റര്‍ വരെ നീളമുള്ള ഇടി മേഘങ്ങളുടെ കൂട്ടം.
മണ്‍സൂണ്‍ മഴയുടെ അവിഭാജ്യ ഘടകമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമല്ലാതിരുന്നതാണ് സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസത്തിനു കാരണമെന്ന് തിരുവനന്തപുരം മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. സാധാരണയായി കാലവര്‍ഷ സമയങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകാറില്ല. കൊച്ചിയിലെ ഡോപ്ലര്‍ വെതര്‍ റഡാര്‍ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം പുലര്‍ച്ചെ 2.30യോടെ കോഴിക്കോട് നിന്ന് വലിയൊരു മേഘക്കൂട്ടം(ക്ലൗഡ് മാസ്) തെക്കോട്ട് സഞ്ചരിച്ചതായി വ്യക്തമാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകള്‍ കടന്ന് പത്തനംതിട്ട വരെ പിന്നീടത് നീണ്ടു.
ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി. മേഘങ്ങളില്‍ ഈര്‍പ്പം കൂടി നിന്നതിനാല്‍ പ്രദേശമാകെ മഴയും ഇതിനൊപ്പമുണ്ടായി. ഡൗണ്‍ ഡ്രാഫ്റ്റ് മൂലമുണ്ടായ കാറ്റ് മഴക്കൊപ്പം എത്തിയതാണ് എറണാകുളം, ഇടുക്കി ജില്ലകളില്‍ വലിയ നാശത്തിനിടയാക്കിയത്. മേഘങ്ങളില്‍ ഈര്‍പ്പം കൂടുതലാണെങ്കില്‍ ഇടി ഉണ്ടാകാതെ തന്നെ വേഗത്തില്‍ ഘനീഭവിച്ചു മഴയായി പെയ്തിറങ്ങും.
സാധാരണയായി ഉണ്ടാകുന്ന ഇടി മേഘങ്ങള്‍ക്ക് 25 കിലോ മീറ്റര്‍ വരെ മാത്രമാണ് വ്യാപ്തിയുള്ളത്. ഇത് പ്രാദേശികമായി മാത്രം പെയ്‌തൊഴിയും. എന്നാല്‍ ഇത്തരം ഇടി മേഘങ്ങള്‍ കൂട്ടമായി എത്തിയതാണ് സ്‌ക്വാള്‍ ലൈനിന് കാരണമായത്.
ഒരേ ദിശയില്‍ തന്നെയാകും ഇത്തരം മഴമേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവ കടന്ന് പോകുന്ന വഴിക്കെല്ലാം ഡൗണ്‍ഡ്രാഫ്റ്റ് മൂലം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഡോ. മിനി പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്ന് ഡൗണ്‍ഡ്രാഫ്റ്റ് കൂടിയതാണ് ആ മേഘങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ സമയത്തെ കൊടുങ്കാറ്റിന് കാരണമായത്
അതേ സമയം പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ കാറ്റുകളാണ് സ്‌ക്വാള്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ളവക്ക് വിദേശ രാജ്യങ്ങളില്‍ ചുഴലിക്കാറ്റെന്ന് പോലും വിശേഷണമുണ്ട്. ഏതാനം സമയം മാത്രം നീണ്ട് നില്‍ക്കുന്ന ഇവ വലിയ നാശം വിതക്കാന്‍ ശേഷിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: