വണ്ണപ്പുറം: വണ്ണപ്പുറം -ചേലച്ചുവട് റോഡില്‍ നാല്പതേക്കറില് ലോഡ് കയറ്റി വന്ന 18 ചക്രമുള്ള ലോറി കയറ്റം കയറാനാവാതെ വഴിയില്‍ കുടുങ്ങി. ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവർ റോഡ് തെരഞ്ഞെടുത്തതാണ് പ്രശ്നമായത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. മുന്നോട്ടും പിന്നോട്ടും പോകാനാവാതെ വഴിയില്‍ ലോറി കുടുങ്ങുക ആയിരുന്നു.
വാഴത്തോപ്പില്‍ വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിലേയ്ക്ക് 30 ടണ്‍ തൂക്കമുള്ള വൈദ്യുതി കമ്പികളുമായി രാജസ്ഥാനിലെ അജ്മീറില്‍ നിന്നു. വന്ന ലോറി ആണ് കയറ്റം കയറാനാവാതെ വഴിയില്‍ കുടുങ്ങിയത്. പിന്നീട് ഹൈവേ പോലീസിന്റെ സഹായത്തോടെ വാഹനം അര കിലോ മീറ്ററിലേറെ ദൂരം പിറകോട്ട് എടുത്ത് പെട്രോള്‍ പമ്പില്‍ എത്തിച്ചാണ് തിരിച്ചത്. ഇതോടെയാണ് റോഡിലെ ഗതാഗത തടസ്സം നീക്കിയത്.
ഒരാഴ്ച മുന്‍പ് ആജ്മീറില്‍ നിന്ന് ലോഡുമായി പോന്ന ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സഹ ഡ്രൈവറും ക്ലീനറും പോലും ഇല്ലാതെ രാപകല്‍ ലോറി ഓടിക്കുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്ന് പോലീസ് പറഞ്ഞു. അതേ സമയം വലിയ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡില്‍ വാഹന അപകടങ്ങള്‍ പതിവാണ്. എന്നാല്‍ ഇതൊന്നും അറിയാതെ ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങള്‍ വരുന്നതാണ് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: