സന്തോഷ് മാത്യു
ഇസ്രായേല്‍ സ്പൈവെയറായ പെഗസസ് ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് വ്യക്തമായതോടെ മറ്റൊരു സുരക്ഷാ പ്രശനം കൂടി ഉയര്‍ന്നിരിക്കുന്നു-സൈബര്‍ ആക്രമണം.
ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര് ആണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍,ജി പി സ് ലൊക്കേഷന്‍ തുടങ്ങി ഏറക്കുറെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ കഴിയും.ഫോണ്‍ ഉപഭോക്താക്കള്‍ ഇത് അറിയുകയുമില്ല. ഇന്ത്യക്കാരായ വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. 2019ല്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്.പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്സ്ആപ്പ് തന്നെയാണ് അന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
സൈബര്‍ ആക്രമണങ്ങള്‍ ലോകത്തെങ്ങും വ്യാപിക്കുകയാണ്. രാജ്യങ്ങളും വന്‍കിട കോര്‍പറേറ്റുകളും എല്ലാം ഇത്തരം അക്രമണങ്ങള്‍ക്ക് മുന്പില് പകച്ചു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ആക്രമണമാണ് ഇയ്യിടെ അമേരിക്കയില്‍ നടന്നത്. അമേരിക്കയിലെ മുന്‍നിര ഇന്ധന പൈപ്പ്ലൈന് ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്ലൈന് കമ്പനിക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ കമ്പനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു. അമേരിക്കയിലെ ഗള്‍ഫ് തീരത്തെ റിഫൈനറുകളില്നിന്ന് കിഴക്കന്‍, തെക്കന്‍ അമേരിക്കയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന കമ്പനിയാണ് കൊളോണിയല്‍. 8,850 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ്ലൈനുകളിലൂടെ കമ്പനി പ്രതിദിനം 2.5 ദശലക്ഷം ബാരല്‍ പെട്രോള്‍,ഡീസല്‍,ജെറ്റ് ഫ്യുവല്‍,മറ്റ് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്നുണ്ട്.
മെയ് 7 വെള്ളിയാഴ്ചയാണ് കമ്പനിക്ക് നേരെ ആക്രമണം ഉണ്ടായത്.തുടര്‍ന്ന് കമ്പനിയുടെ സംവിധാനങ്ങള്‍ ഓഫ്ലൈനാക്കി നിര്‍ത്തിവെച്ചു. ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. 2017ല്‍ ഗള്‍ഫ് തീരത്ത് വീശിയ ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നും കൊളോണിയല്‍ തങ്ങളുടെ പൈപ്പ്ലൈനുകള് അടച്ചിരുന്നു. അന്നും ഗള്‍ഫ് കോസ്റ്റ് പെട്രോള്‍,ഡീഡീസല് വില കുതിച്ചുയര്‍ന്നു. അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നുള്ള ഇന്ധന വിതരണത്തിന്റെ 45 ശതമാനവും നിര്‍വഹിക്കുന്നത് കൊളോണിയല്‍ പൈപ്പ്ലൈന് ആണ്.
2020 ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് ഗ്രിഡ് തകരാറിന് പിന്നില്‍ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചില്ല. രാജ്യത്തിന്റെ തെക്കും വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണങ്ങള്‍ മുന്‍പും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ-പസഫിക്കില്‍ സൈബര്‍ ക്രിമിനലുകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ രണ്ടാമത് ഇന്ത്യയാണെന്ന് എ.ബി.എം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനാണ് ഒന്നാം സ്ഥാനത്തുള്ളത്.
ധനകാര്യം,ഇന്‍ഷുറന്‍സ് മേഖലകളാണ് ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് (60 ശതമാനം). ഉല്‍പ്പാദന, പ്രൊഫഷണല്‍ സേവനങ്ങളാണ് തൊട്ടുപിറകിലുള്ളത്. 2020 ല്‍ ഏഷ്യയില്‍ നടന്ന സൈബര്‍ആക്രമണങ്ങളില്‍ ഏഴ് ശതമാനവും ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളാണെന്നാണ് ഐ .ബി.എം വ്യക്തമാക്കുന്നത്. മൊത്തം സൈബര്‍ ആക്രമണങ്ങളില്‍ 40 ശതമാനവും റാന്‍സംവെയര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ, ഡിജിറ്റല്‍ കറന്‍സി മൈനിങ്ങും സെര്‍വര്‍ ആക്സസ് ആക്രമണവും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികളെ ബാധിച്ചതായി നിരീക്ഷണമുണ്ട്. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 2019ല്‍ 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും രാജ്യം സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാനും 5ജി ശൃംഖല വികസിപ്പിക്കാനും തുടങ്ങുമ്പോള്‍ സൈബര്‍ ഭീഷണി തുടരുമെന്നും ഉറപ്പാണ്.അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്ന ഊര്ജാ വിഭാഗത്തില്‍ റഷ്യന്‍ സൈബര്‍ ആക്രമണം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.ലണ്ടന്‍ ട്യൂബ് എന്ന പാരീസുമായി ബന്ധിപ്പിക്കുന്ന മെട്രോ ടന്നലിനെയും അടുത്തിടെ സൈബര്‍ തീവ്രവാദികള്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: