ബെംഗളൂരു: കൊവിഡ് വ്യാപനം ക്രമേണ മെച്ചപ്പെടുന്നതിനോടനുബന്ധിച്ചു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ സംസ്ഥാനം മുഴുവന്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 50 ശതമാനം ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചു സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്കി. ഇതോടൊപ്പം മള്‍ട്ടിപ്ലക്സുകള്‍, ഓഡിറ്റോറിയം പോലുള്ള ഇടങ്ങള്‍ 50 ശതമാനം ഇരിപ്പിടത്തോടെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും ഉത്തരവിറക്കി. എല്ലാ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും ടെക്നിക്കല്‍ കോഴ്സുകളും പുനരാരംഭിക്കാനും അനുമതിയുണ്ട്.
ഇതോടൊപ്പം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതല്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്കി. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളേജുകള്‍ തുറക്കുന്നത്. ഏതെങ്കിലും കൊവിഡ് വാക്സിന് കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോളേജുകളില്‍ വരാന്‍ അനുവാദമുള്ളൂ. കോളേജില്‍ നേരിട്ട് വന്നു ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും.
ജൂലൈ 3 ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ആഗസ്ത് 2 വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഒരു മണിക്കൂറോളം സര്‍ക്കാര്‍ ഇളവ് ചെയ്തു. രാത്രി കര്‍ഫ്യൂ രാത്രി 10 മുതല്‍ രാവിലെ 5 വരെയാക്കി മാറ്റും. നേരത്തെ രാത്രികാല കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ 6 മണിവരെയായിരുന്നു. ജൂലൈ 19 മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഉന്നത മന്ത്രിമാരും ബ്യൂറോക്രാറ്റുകളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങള്‍.
അതേസമയം, മൂന്നാം തരംഗത്തിനുള്ള ഒരുക്കമായി സംസ്ഥാനത്തൊട്ടാകെയുള്ള ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പരിശീലനം നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനെതിരെ പോരാടാന്‍ അവരെ സജ്ജരാക്കുന്നതിനായി സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് പരിശീലന സെഷനുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. സുധാകര്‍ കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: