തിരുവനന്തപുരം: ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനും ജന്മഭൂമി തിരുവനന്തപുരം എഡിഷന്റെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറുമായ എസ്. രംഗനാഥന് (86) അന്തരിച്ചു. ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, സിഎസ്എം നഗര്‍ 285, നാഥന്‍സ് എന്‍ക്ലേവിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു രംഗനാഥന്. അദ്ദേഹവും സഹോദരങ്ങളായ ശേഷാചലം, പരേതനായ രാമനാഥന്, സുബ്രഹ്മണ്യം എന്നിവരും ആര്‍എസ്എസിന്റെയും ഇതര ഹൈന്ദവ സംഘടനകളുടെയും സജീവപ്രവര്‍ത്തകരായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആരംഭം മുതല്‍ കാശി വിശ്വനാഥന്, കൃഷ്ണശര്‍മ്മ, നീലകണ്ഠന് നായര്‍, കുമാരന് നായര്‍, പ്രൊഫ. കെ.എസ്. കൃഷ്ണന്, ഡോ. ശങ്കരന് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു.
നാഥന്‍സ് ഡയറി ഡയറക്ടറായിരുന്നു. ആര്‍എസ്എസ് വിഭാഗ് കാര്യാലയ സമിതി രക്ഷാധികാരി, ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ ആദ്യ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2014 മുതല്‍ 2020 വരെ വ്യാപാരി വ്യവസായി സംഘിനെ നയിച്ചു. അടിയന്തരാവസ്ഥയില്‍ ഒളിപ്രവര്‍ത്തനത്തിന്റെ കേന്ദ്രം നാഥന്‍സ് ഡയറിയും അദ്ദേഹത്തിന്റെ വാസസ്ഥലവും ആയിരുന്നു. ഭാര്യ: പുഷ്പവല്ലി. മക്കള്‍: മൈഥിലി സുന്ദരം, ശട്ടനാഥന്(ആര്.എസ്. നാഥന്) മരുമക്കള്‍: പരേതനായ സുന്ദരം, മീര നാഥന്.
സംസ്കാരം ഇന്ന് രാവിലെ എട്ടിന് പുത്തന്‍കോട്ട ശ്മശാനത്തില്‍. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘചാലക് പി. ഗിരീഷ്, സഹ സംഘചാലക് എം. മുരളി, ജന്മഭൂമി കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ് കുമാര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ രമേശ്കുമാര്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, പി.പി. മുകുന്ദന് എന്നിവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: