തിരുവനന്തപുരം: താലീബാന് തീവ്രവാദി ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ഡാനിഷ് സിദ്ദിഖിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍. തിരുവനന്തപുരം നഗരത്തിലെ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ലെന്‍സ് വ്യൂ കൂട്ടായ്മയാണ് ഡാനിഷിന് ആദരം അര്‍പ്പിച്ച് ഒത്തുകൂടിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഡാനിഷ് സിദ്ദിഖിയുടെ ചിത്രത്തിന് മുന്നില്‍ തങ്ങളുടെ ക്യാമറകള്‍ വച്ചായിരുന്നു ആദരാജ്ഞലി നല്‍കിയത്.
റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ദിവസങ്ങളായി താലിബാനും അഫ്ഗാന് സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് സ്പിന്‍ ബോല്‍ദാക്ക്. യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. പുലിറ്റ്സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദേഹം.
കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സ്വദേശിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: