ന്യൂദല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ‘രാജ്യസഭ എംപി ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു’വെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്(പിഎംഒ) ട്വീറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള ചിത്രത്തിനൊപ്പമായിരുന്നു ട്വീറ്റ്. എന്‍സിപി ഉള്‍പ്പെട്ട മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ)യിലെ വിള്ളലുകള്‍ മറനീക്കിയതിനിടെയും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെയുമായിരുന്നു പ്രധാനമന്ത്രിയെ കാണാന്‍ പവാര്‍ എത്തിയത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ഈ ആഴ്ച ആദ്യം 80-കാരനായ മുതിര്‍ന്ന നേതാവ് പവാര്‍ തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വന്ന റിപ്പോര്‍ട്ടുകളായിരുന്നു അദ്ദേഹം നിഷേധിച്ചത്. എംവിഎയില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ നാനെ പടോളെ അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ശിവസേന നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ റിമോട്ട് കണ്ട്രോള് എന്നായിരുന്നു പവാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
സംസ്ഥാനസര്‍ക്കാര്‍ തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സ്വാധീനം കൂടുന്നതിനാല്‍ കാലിന് അടിയില്‍നിന്ന് മണ്ണൊലിച്ചു പോകുന്നതായി ശിവസേനയ്ക്കും എന്‍സിപിക്കും തോന്നുന്നതായും നാന പടോളെ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 13 വരെ നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഈ മാസം 19ന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: