ഡബ്ലിന്‍: ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറി. അയര്‍ലന്‍ഡാണ് അട്ടിമറിവീരന്മാര്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 43 റണ്‍സിന് വിജയിച്ചാണ് അയര്‍ലന്‍ഡ് എക്കാലവും ഓര്‍മ്മിക്കാവുന്ന വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ അയര്‍ലന്‍ഡ് 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് ഓള് ഔട്ടായി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച. സ്കോര്‍: അയര്‍ലന്‍ഡ് 50 ഓവറില്‍ 290-5, ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247ന് ഓള് ഔട്ട്.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ 291 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 5 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാവുമ എന്നിവരാണ് മടങ്ങിയത്. പിന്നീട് ജാനെമാന്‍ മലാന് (84), വാന്‍ഡര്‍ ഡസന്‍ (49) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ സ്കോര്‍ 159-ല്‍ എത്തിയപ്പോള്‍ മലാനും 160-ല്‍ നില്‍ക്കേ വാന്‍ഡെര്‍ ഡസനും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല. വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈനെ (13), ഡേവിഡ് മില്ലര്‍ (24), ഫെലുക്കുവായോ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയറും, ജോഷ്വാ ലിറ്റിലും, ആന്‍ഡി മക്ബ്രെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനായി ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിറിന്‍ സെഞ്ചുറി (117 പന്തില്‍ 102) നേടിയപ്പോള്‍ ഹാരി ടെക്ടര്‍ (68 പന്തില്‍ 79), ഡോക്റെല്‍ (23 പന്തില്‍ 45), ആന്‍ഡി മക്ബ്രൈന്(30), പോള്‍ സ്റ്റെര്‍ലിംഗ് (27) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ഫെലുക്കുവായോ രണ്ട് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: