ഉന്നതമായ സാംസ്കാരിക ബോധം. അതിലേറെ സാംസ്കാരിക ഔന്നത്യം. അതിലും മുകളില്‍ സാമൂഹ്യപ്രതിബദ്ധത. എല്ലാറ്റിനേക്കാളും മികച്ച സദാചാരനിഷ്ഠ. മലയാളികളെക്കുറിച്ചുള്ള പൊങ്ങച്ചം അവിടെ കൊണ്ടും തീരുന്നില്ല. ”ദൈവത്തിന്റെ സ്വന്തം നാട്ടി”ല്‍ ഇങ്ങനെയൊക്കെ വേണമെന്നാഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നടമാടുന്നതെന്താണ്? ആഗ്രഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും നേര് വിപരീതം.
മനുഷ്യസ്നേഹമാണ് കമ്യൂണിസത്തിന്റെ മുഖമുദ്ര എന്ന് കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ ഇന്ന് മനുഷ്യസ്നേഹമല്ല, മൃഗീയവാസനകള്‍ക്കാണ് മേല്‍ക്കൈ. അത് പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിച്ചിറങ്ങും. മൃഗങ്ങള്‍ക്കുമുണ്ട് കാലവും നേരവുമൊക്കെ. അനാവശ്യമായി ഉപദ്രവിക്കാനോ കാമഭ്രാന്ത് അനവസരത്തില്‍ പ്രകടിപ്പിക്കാനോ മൃഗങ്ങള്‍ മുതിരാറില്ല. ഒരു വിത്തുകാളയും കിടാവിന്റെ പുറത്ത് കയറാറില്ല. കന്നിമാസം കഴിഞ്ഞാല്‍ പട്ടികള്‍ മര്യാദക്കാരാണ്. എന്നാല്‍ മനുഷ്യര്‍ അഥവാ ഏറെ മലയാളികള്‍ക്ക് മാസവുമില്ല വകതിരിവുമില്ലാതായി. അതിന്റെ വിവരങ്ങളാണ് അനുദിനം വാര്‍ത്തയാകുന്നത്. വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിനെ കാമവെറിതീര്‍ത്തതിന് ശേഷമാണത്രെ കൊന്നു തൂക്കിയത്. മൂന്നുവയസ്സില്‍ തുടങ്ങിയ പീഡനം 6 വയസ്സുവരെ തുടര്‍ന്നു എന്നാകുമ്പോള്‍ ആ കശ്മലനെ കമ്യൂണിസ്റ്റെന്ന് വിളിക്കാമോ? രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്ന സംസ്ഥാനമായി മലയാളക്കര മാറിയിരിക്കുന്നു.
75000 ല്‍ അധികം സ്ത്രീപീഡനക്കേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15,000 ബലാത്സംഗ കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1600 സ്ത്രീ പീഡന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പോലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്.
വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം ആവശ്യമില്ലെന്ന പരസ്യ നിലപാടെടുക്കാന്‍ നിയമസഭാംഗത്തിനുപോലും ധൈര്യമുണ്ടായത് എന്തുകൊണ്ടാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവരെയും പൂട്ടണം. ഭരണകക്ഷിക്കാരായതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും നിയമപാലകര്‍ നിശ്ശബ്ദരാകുന്നു. രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. സമീപകാലത്ത് പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ ഇരകളായ നിരവധി കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പോലീസ് താല്പര്യം കാണിക്കുന്നില്ല. കള്ളക്കേസുകളെടുക്കാന്‍ മാത്രമേ കേരള പോലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വാളയാറിന് അപ്പുറത്ത് പീഡനം നടന്നാല്‍ മാത്രമേ സാംസ്കാരിക നായകന്മാര് പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്ന ബുദ്ധിജീവികളെന്ന് പറയപ്പെടുന്നവര്‍ കേരളം വിട്ടോ? അവര്‍ക്ക് ശക്തിയും ശബ്ദവും ഇല്ലാതായോ? ഇരുപത് കോടിയിലധികം ജനസംഖ്യയുള്ള യുപിയില്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാലേ മാധ്യമങ്ങള്‍ കണ്ണുതുറക്കൂ. പ്രതികരണത്തൊഴിലാളികള്‍ ഉണരുകയുള്ളൂ. എന്താണ് മലയാളക്കരയില്‍ നടക്കുന്നത്?
പെണ്‍കുട്ടികളുടെ മാനം ചതച്ചരയ്ക്കപ്പെടുന്ന നാടായി കേരളം മാറിയിരിക്കുകയല്ലേ? കെങ്കേമന്‍ ഭരണമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ അഞ്ചു മാസത്തിനിടെ 1513 ബലാത്സംഗക്കേസുകള്‍. ഇതില്‍ 627 കേസുകളില്‍ കുട്ടികളാണ് ഇരയായത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക അതിക്രമവും വര്‍ധിക്കുന്നതായി പോലീസിന്റെ കണക്കുകള്‍ തന്നെയാണ് തെളിവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ ഏറെ വിവാദമായ സന്ദര്‍ഭത്തിലാണ് പുതിയ കണക്ക് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ടതെന്നതും ശ്രദ്ധേയം. 2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ചു മാസത്തിനിടെയാണ് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ കാലയളവില്‍ പതിനഞ്ചു കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന് നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോയ 89 കേസുകള്‍. ആറു കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹ കേസുകള്‍ അഞ്ചെണ്ണവും കുട്ടികള്‍ക്ക് എതിരായ മറ്റു കുറ്റകൃത്യങ്ങള്‍ 897 എണ്ണവുമാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 1639 കേസുകള്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,770 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ലൈംഗികവൈകൃതത്തിന് ഇരയായെന്നും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റം 149, ഭര്‍ത്തൃപീഡനം 1159, മറ്റതിക്രമങ്ങള്‍ 1502 എന്നിങ്ങനെയാണ് കേസുകള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യ സര്‍ക്കാര്‍ ഏത് കണക്കില്‍പ്പെടുത്തി എന്നറിയില്ല. കണക്കുയര്‍ത്തി ആക്ഷേപിക്കാനല്ല. നമ്മുടെ സാമൂഹ്യബോധവും സദാചാര മര്യാദയും ഒഴുകിപോയി എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുക മമനാടേ എന്നല്ലാതെന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: