കളമശേരി: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവവൈജ്ഞാനിക സമൂഹനിര്‍മാണത്തിനായി തയാറാവണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവര്‍.
സര്‍വകലാശാല രൂപീകരിക്കപ്പെട്ട കാലത്ത് ലക്ഷ്യമിട്ട മേഖലകളിലെ വളര്‍ച്ചയും തളര്‍ച്ചയും പരിശോധിച്ച് പുതിയ കാലത്തിന് അനുസൃതമായി മുന്നോട്ടു പോകാന്‍ തയാറെടുക്കേണ്ട സമയമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു. സര്‍ക്കാര്‍ വിഭാവം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന കാഴ്ച്ചപ്പാടിന് ഏറ്റവും ക്രിയാത്മകമായ സംഭാവന നല്കാന് കഴിയുന്ന ഒരിടമാണ് കുസാറ്റെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വരുമാനം കൊണ്ട് മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനം സാധ്യമല്ലെന്നും പൂര്‍വ്വ വിദ്യാര്‍ഥികള്‍ അര്‍ത്ഥം കൊണ്ടും മറ്റ് വിഭവശേഷികള്‍ കൊണ്ടും സര്‍വ്വകലാശാലകളെ പരിപോഷിപ്പിക്കണമെന്നും ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച കൊച്ചി കപ്പല്‍ശാലാ സിഎംഡി മധു എസ്. നായര്‍ പറഞ്ഞു. കൊച്ചി കപ്പല്‍ശാല നിരവധി മേഖലകളില്‍ കുസാറ്റുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.എന്‍. മധുസൂദനന് സര്‍വകലാശാലയുടെ പ്രധാന നേട്ടങ്ങളും പ്രോ-വൈസ്-ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭാവി പരിപാടികളും അവതരിപ്പിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗം, ഡോ. ആര്. പൂര്‍ണിമ നാരായണന്, രജിസ്ട്രാര്‍ ഡോ. വി. മീര എന്നിവര്‍ സംസാരിച്ചു. ഗായത്രി രാജീവ് സ്വാഗതഗാനം ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: