തിരുവനന്തപുരം: പഴനിയില്‍ കേരളത്തില്‍ നിന്നും തീര്‍ത്ഥയാത്രയ്‌ക്ക് പോയ വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസ് വ്യാജമാണോയെന്ന സംശയം ബലപ്പെടുന്നു.
ഭാര്യയും ഭര്‍ത്താവും ലോഡ്ജില്‍ നിന്നും പുറത്തിറങ്ങിയശേഷം ഭക്ഷണപ്പൊതി വാങ്ങാന്‍ ഭര്‍ത്താവ് മാത്രം റോഡ് മുറിച്ചുകടന്ന് കടയില്‍പോയപ്പോള്‍ മൂന്ന് പേര്‍ വാഹനത്തിലെത്തി കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജ് മുറിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഢിപ്പിച്ചുവെന്നായിരുന്നു കേസ്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണോ എന്ന് സംശയം ബലപ്പെടുകയാണെന്ന് പൊലീസ് സൂചന നല്‍കുന്നു.
യുവതിയെ ചെറുപ്പക്കാര്‍ പീഡിപ്പിക്കാന്‍ കൊണ്ടുപോയതായി പറയുന്ന പഴനിയില്‍ ലോഡ്ജിന്റെ ഉടമയ്‌ക്ക് കേരളത്തില്‍ നിന്നുമെത്തിയ ഭീഷണി കലര്‍ന്ന ഫോണ്‍ കോളാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കിയത്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഒരാള്‍ ലോഡ്ജുടമയെ വിളിച്ചത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. വ്യാജ പരാതി ഉന്നയിച്ച് ലോഡ്ജുടമയില്‍ നിന്നും പണം തട്ടുകയായിരുന്നോ ലക്ഷ്യമെന്നും സംശയിക്കുന്നു. ലോഡ്ജിലേക്ക് പോയ തന്നെ ചെറുപ്പക്കാരും ലോഡ്ജുടമയും ചേര്‍ന്ന് തല്ലി അവശനാക്കി റോഡില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പറയുന്നു. പിന്നീട് പഴനി പൊലീസില്‍ പരാതിപ്പെടാന്‍ പോയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് ലോഡ്ജ്മുറിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയും പുരുഷനും കേരളത്തിലെത്തി കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പറയുന്നു.
കേസില്‍ പരാതിക്കാരിയെ പ്രാഥമിക പരിശോധന നടത്തിയതില്‍ പരിക്കുകളില്ലെന്ന റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലും ബിയര്‍കുപ്പി കയറ്റിയതിന്റെ പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 19നാണ് സ്ത്രീയും പുരുഷനും ചേര്‍ന്ന് പളനിയില്‍ മുറിയെടുത്തത്. ഇരുവരും അമ്മയും മകനും എന്ന രീതിയിലാണ് മുറിയെടുത്തിരുന്നത്. എന്നാല്‍ രണ്ടുപേരും രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി ലോഡ്ജുടമ പരാതിപ്പെട്ടിരുന്നു. രണ്ട് പേരും ലോഡ്ജ് മുറിയെടുത്തപ്പോള്‍ നല്‍കിയ ആധാര്‍ കാര്‍ഡ് വാങ്ങാതെയാണ് അഞ്ച് ദിവസത്തിന് ശേഷം മുറിയൊഴിഞ്ഞു പോയത്. പിന്നീട് ഇരുവരും ആധാര്‍ കാര്‍ഡ് വാങ്ങാനായി തിരികെ വന്നെന്നും ഭക്ഷണം കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും അമ്പത് രൂപ വീതം നല്‍കിയെന്നും ലോഡ്ജുടമ പറയുന്നു.
എന്തായാലും കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസ് സംഘം ചൊവ്വാഴ്ച തലശ്ശേരിയിലെത്തി. ഇവര്‍ സ്ത്രീയെയും പുരുഷനെയും ചോദ്യം ചെയ്യുന്നതില്‍ നിന്നും കഥയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: