ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന സിപിഎമ്മിന്റെ പ്രചാരണം പൊളിയുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങള്‍ പാര്‍ട്ടിയുടെ അവകാശ വാദങ്ങള്‍ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നു. പാവങ്ങള്‍ നല്കുന്ന ചില്ലറക്കാശല്ല, വന്‍ കരാറുകാര്‍ നല്കുന്ന പണമാണ് പാവങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പൊടിപൊടിക്കുന്നത്.
മന്ത്രി ജി.സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി മറുപക്ഷം പുറത്തുവിടുന്ന ആരോപണങ്ങളാണ് പാര്‍ട്ടി കാലങ്ങളായി നടത്തുന്ന അനധികൃത പണപ്പിരിവിന്റെ കഥകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന് തനിക്ക് ഒമ്പതുലക്ഷംരൂപ മാത്രമാണ് നല്‍കിയതെന്ന് അമ്പലപ്പുഴ എംഎല്‍എ സലാം അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പണ സ്രോതസ്സ് എന്താണെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.സുധാകരന് മത്സരിക്കുമെന്ന നിഗമനത്തില്‍ പൊതുമരാമത്ത് കരാറുകാരുള്പ്പെടെയുള്ളവര് തെരഞ്ഞെടുപ്പു ചെലവിലേക്കായി സംഭാവന നല്‍കിയിരുന്നു. ഫണ്ടുപിരിക്കാനിറങ്ങിയ മറ്റുനേതാക്കളോട്, പണം സുധാകരനെ ഏല്പിച്ച കാര്യം കരാറുകാര്‍ പറയുകയും ചെയ്തെന്നാണ് ആക്ഷേപം.
ആലപ്പുഴയിലെ ഒരു പ്രമുഖ കരാറുകാരന്റെ ശബ്ദരേഖ ചില പാര്‍ട്ടി നേതാക്കള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. സുധാകരനെ തകര്‍ക്കുന്നതിനായി കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സുധാകരനെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ ധന സ്രോതസ്സ് കരാറുകാര്‍ അടക്കമുള്ള വന്‍കിട മുതലാളിമാരാണെന്ന വിവരമാണ് ഇതോടെ വ്യക്തമാകുന്നത്. സുധാകരനെ കുടുക്കാനാണ് ശ്രമമെങ്കിലും മുതലാളിമാരുടെ പണം സ്വീകരിച്ചാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സത്യം വെളിച്ചത്തായി.
സുധാകരന് ഒന്‍പത് ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയതെന്നും, അതിനാല്‍ സഹകരണ ബാങ്കില്‍ നിന്നും, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ നിന്നും പണം വായ്പയെടുക്കേണ്ടി വന്നു എന്നാണ് സലാമിനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം. എന്നാല്‍ ആരോപണങ്ങളെല്ലാം സുധാകരനെ അനുകൂലിക്കുന്നവര്‍ നിഷേധിക്കുകയാണ്. സുധാകരനെതിരായ സാമ്പത്തിക ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അംഗീകരിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ ധനാഗമന മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് അണികള്‍. വന്‍കിട മുതലാളിമാരില്‍ നിന്ന് പണം പറ്റി അധികാരത്തിലേറുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ അവിഹിതമായി ഇത്തരക്കാര്‍ക്ക് ചെയ്തു കൊടുക്കേണ്ടി വരുമെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: