കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് കാതോലിക്ക പൗലോസ് ദ്വിതീയന്റെ വേര്‍പാടോടെ ഭാരതീയ തനിമയിലൂന്നിയ സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച പ്രമുഖ ക്രിസ്തീയ ആത്മീയാചാര്യനെയാണ് നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഞാനുമായി ആത്മബന്ധവും ആത്മാര്‍ത്ഥവുമായ അടുപ്പവുമാണ് തിരുമേനിക്കുണ്ടായിരുന്നത്. രാജ്യത്തെ പ്രമുഖ ക്രിസ്തീയ സഭകളുടെ കൂട്ടത്തില്‍ ട്രൂലി ഇന്ത്യന്‍ (Truly Indian) എന്ന് പ്രഖ്യാപിച്ച ഒരു സഭയെ മാത്രമെ എളുപ്പത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. അത് ദി മലങ്കര ഓര്‍ത്തഡോക്സ് സഭയാണ്. അവരുടെ സഭാപ്രമാണങ്ങളുടെ ആദ്യ അദ്ധ്യായത്തില്‍തന്നെ We, The Nazranis, Members of the Malankara Orthodox Church, are proud that we are true Indians by origin and culture എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഈ സഭയുടെ സവിശേഷതയാണ്.
സത്യനിഷ്ഠമായി ഭാരതീയതയെ ഉള്‍ക്കൊള്ളുന്നുവെന്നും ഭാരതീയ പൈതൃകത്തിലും സംസ്കാരത്തിലും അഭിമാന പുരസ്സരം തങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് സഭ അതിന്റെ പ്രാമാണിക രേഖയില്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ ആഴവും പരപ്പും ആഴത്തില്‍ സഭയ്ക്കകത്തും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. സഭാരേഖയുടെ ആദ്യപേജില്‍ ഭാരതീയ രീതിയിലുള്ള അവരുടെ ദേവാലയങ്ങളുടെതുള്പ്പെടെയുള്ള ചിത്രങ്ങള്‍ ചേര്‍ത്തത് സഭയുടെ നിലപാടിന്റെ തെളിവാണ്.
ഭാരതീയ രീതിയില്‍ വിദ്യാരംഭം കുറിക്കുന്ന പുരോഹിതന് കുട്ടിയെ മടിയിലിരുത്തി തളികയിലെ അരിയില്‍ എഴുതിച്ച് നാക്കില്‍ മുദ്രണം ചെയ്യുന്ന ശൈലി നടപ്പാക്കുന്ന സഭയെന്നതും ഇവരുടെ പ്രത്യേകതയാണ്. പരിശുദ്ധ കാതോലിക ബാവാ തിരുമേനി ഈ കര്‍മ്മം ചെയ്യുന്നതിന്റെ ചിത്രവും ഇതാണ് തെളിയിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പരിശുദ്ധ കാതോലികാ ബാവാ തിരുമേനിയുമായി ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ സഭാ കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട്് പ്രഭാഷണങ്ങള്‍ നടത്താനുള്ള അവസരവും കാലം ചെയ്ത തിരുമേനി എനിക്ക് നല്‍കിയിട്ടുണ്ട്. സര്‍വ്വ ധര്‍മ്മ സമഭാവമെന്ന പൈതൃക സങ്കല്‍പ്പം അക്ഷരംപ്രതി പരിപാലിച്ച ചരിത്രമുള്ളവരാണ് നമ്മുടെ പൂര്‍വ്വികര്‍. ലോകത്ത് അറിയപ്പെട്ട 12 മതങ്ങളെ ആദരിക്കാനും അവര്‍ക്കെല്ലാം നമ്മുടെ രാജ്യത്ത് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുത്ത നാടാണ് നമ്മുടേത്. ക്രിസ്തീയ വിശ്വാസത്തിലും ഏകദൈവവിശ്വാസത്തിലും ഓര്‍ത്തഡോക്സ് സഭ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെങ്കിലും ഭാരതീയ ചരിത്രത്തിലൂന്നിയ വിശ്വാസ പ്രമാണങ്ങളെ നെഞ്ചിലേറ്റാന്‍ അവര്‍ തയ്യാറായി.
ഒട്ടേറെ തവണ സഭാവേദികളില്‍ ഭാരതീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രഭാഷണം നടത്താന്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയിട്ടുണ്ട്. സഭാതര്‍ക്കം പരിഹരിക്കുന്നതിനായി തന്റെ കീഴിലുള്ള ബിഷപ്പുമാരെ ന്യൂഡല്‍ഹിയിലേക്ക് അയക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും ഏര്‍പ്പാട് ചെയ്തത് തിരുമേനിയായിരുന്നു. ഭരണഘടനാ ചുമതലകള്‍ ഒന്നും ഇല്ലാത്ത കാലത്തും ആര്.എസ്.എസ്. ബി.ജെ.പി. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്നെ കോട്ടയം പഴയ സെമിനാരിയില്‍ കൊണ്ടുപോയി ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന വേദിയില്‍വെച്ച് സ്വീകരണം നല്കി ആദരിച്ചത് തിരുമേനിയുടെ തീരുമാനപ്രകാരമായിരുന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുമേനിയെ അഹമ്മദാബാദില്‍വെച്ച് പലതവണ കാണുകയും അദ്ദേഹത്തിന് സംസ്ഥാന ബഹുമതി നല്കി താമസിക്കുന്നതിന് എല്ലാവിധ ഏര്‍പ്പാട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഇടയില്‍ മോദിജിയാണ് ആദ്യമായി ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര് ഉള്‍പ്പെടെയുള്ളവരെ ഔദ്യോഗിക അതിഥിയായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതെന്നാണ് എന്റെ അറിവ്.
ഞാന്‍ മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റ സമയത്ത് ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ തിരുമേനിയുടെ ചിത്രവും കുറിപ്പും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തില്‍ ഇതാദ്യമാണെന്നാണ് തോന്നുന്നത്. യഥാര്‍ത്ഥ ഈശ്വര സേവനം മാനവ സേവയാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കാനും അത് സഭാതലങ്ങള്ക്കപ്പുറം പൊതുസമൂഹത്തിന് കൊടുക്കാനും അദ്ദേഹം തയ്യാറായി. നന്മയുടെ പ്രകാശഗോപുരമായി മാനവരാശിക്കുവേണ്ടി നിലകൊണ്ട മഹാനായ ആത്മീയാചാര്യനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ. ഭാരതത്തിന്റെ മണ്ണില്‍ കുരിശുയുദ്ധങ്ങളും ഇന്ക്വസിഷന് ക്യാമ്പുകളും ഒന്നും നടക്കാതെ എല്ലാത്തിനെയും സ്വാംശീകരിക്കുന്ന സമീപനമാണ് ഈ മഹത്തായ നാട് സ്വീകരിച്ചിരുന്നത്. ഇത്തരം ചിന്തകളെ നെഞ്ചിലേറ്റി സ്വന്തം സഭയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അതൊക്കെ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നത് പരിശുദ്ധ കാതോലിക ബാവയുടെ സ്വഭാവമായിരുന്നു.
പി.എസ്. ശ്രീധരന്‍പിള്ള
(നിയുക്ത ഗോവ ഗവര്‍ണര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: