കൊട്ടാരക്കര: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളും സര്‍ക്കാര്‍ വക ഭൂമിയും കാടുകയറി നശിക്കുന്നു. നെടുമണ്‍കാവില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സുകളാണ് കാടുകയറി നശിക്കുന്നത്. സര്‍ക്കാര്‍ വക അഞ്ചു ക്വാര്‍ട്ടേഴ്സുകളും അമ്പത് സെന്റില്‍പരം ഭൂമിയുമാണ് അധികൃതരുടെ അനാസ്ഥയില്‍ ഇല്ലാതാകുന്നത്.
കൊട്ടാരക്കര താലൂക്കിലെ നെടുമണ്‍കാവ് ഉളകോടിലാണ് ആരോഗ്യ വകുപ്പിന്റെ കെട്ടിടങ്ങള്‍ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. നെടുമണ്‍കാവ് സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കുമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉപയോഗശൂന്യമായിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കാടു തെളിയിച്ച് കെട്ടിടങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള തയ്യല്‍ സംരംഭങ്ങള്‍ ഉള്‍പ്പെടെ ആരംഭിക്കാന്‍ ആകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: