ആലപ്പുഴ: പ്രകൃതി ഉപാസകരായ ഭാരതീയരെ പ്രകൃതിയില്‍നിന്ന് അകറ്റിയത് ബ്രിട്ടീഷുകാരാണെന്ന് പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞന് ഡോ മാധവ് ഗാഡ്ഗില്‍. വനത്തെ ചൂഷണം ചെയ്യാനായി വനനിയമങ്ങള്‍ കൊണ്ടുവന്ന് സാധാരണക്കാരെ വനത്തിനെതിരാക്കി. കൈക്കലാക്കാന്‍ ഗ്രാമീണര്‍ കൈകാര്യം ചെയ്തിരുന്ന ഭൂമി വനം വകുപ്പ് പിടിച്ചെടുത്തു. വിഭവങ്ങള്‍ സംരക്ഷിച്ചിരുന്ന കര്‍ഷകരേയും ആദിവാസികളേയും വന നിയമങ്ങളുടെ പേരു പറഞ്ഞ് അകറ്റി.വന സംരക്ഷണമല്ല, വനം കണ്ടുകെട്ടലാണ് അവര്‍ നടത്തിയത്. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വനത്തോടും പ്രകൃതിയോടുമുള്ള സമീപനം ധര്മ്മാധിഷ്ടിതമായിരുന്നു. ഉപനിഷത്തുകള്‍ പ്രകൃതിയുടെ മഹത്വം പറയുന്നു. പ്രകൃതിയെ പൂജിക്കാനാണ് ശ്രീകൃഷ്ണന് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രകൃതിയോട് മല്ലിട്ട് പുരോഗതി നേടുക എന്നതാണ് പാശ്ചാത്യ നിലപാട്. മനിഷ്യനാണ് വലിയവനെന്നും പ്രകൃതി അവന് കീഴ്പെടണമെന്നുമാണ് ബൈബിളും മറ്റും നല്കുന്ന സന്ദേശം.
ഭാരതത്തിന്റെ കാഴ്ചപ്പാട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ്. ആല്‍മരത്തെ നമ്മുടെ പൂര്‍വികര്‍ മഹത്വമാര്‍ന്ന വൃക്ഷമായി കണ്ടിരുന്നു. ആധുനിക ശാസ്ത്രവും ആല് മരത്തിന്റെ പ്രാധാന്യം ഇപ്പോള്‍ എടുത്തു പറയുന്നു.
ഇക്കോ ടൂറിസം എന്ന പേരില്‍ ഇപ്പോള്‍ മറ്റൊരു രീതിയില്‍ പ്രകൃതി ചൂഷണം നടക്കുകയാണ്. ഇക്കോ എന്നു പേരുപറയുന്നതുകൊണ്ടുമാത്രം ആയില്ല. അതേപോലെ ആനയും കടുവയും മാത്രമല്ല സംരക്ഷിക്കപ്പെടേണ്ടത്. സൂക്ഷ്മ ജീവികളും സംരക്ഷിക്കപ്പെടണം.
വനവും പ്രകൃതിയും സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. ജനങ്ങള്‍ തന്നെയാണ് വനത്തിന്റെ സംരക്ഷകരാകേണ്ടതും. സര്‍ക്കാരോ വനം വകുപ്പോ ഒന്നുമില്ലങ്കിലും പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന പ്രതിജ്ഞ എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
ശാസ്ത്രത്തോടൊപ്പം ആത്മീയതയും ഒരുമിച്ചുകൊണ്ടുന്ന സമൂഹം ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം. ശാസ്ത്രത്തോടൊപ്പം ആത്്മീയതയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന സമൂഹം ഉണ്ടാകണം. ധര്‍മ്മത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്ന കുട്ടികളാണ് വളര്‍ന്നുവരേണ്ടത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയുമ്പോളാണ് ധര്‍മ്മത്തെ നിലനിര്‍ത്താന്‍ കഴിയുക. വിശ്വസനീയമായ ഉത്തരം നല്കാന് പര്യാപ്തരായ അധ്യാപകര്‍ ഉണ്ടാകണം, മാതാപിതാക്കള്‍ ഉണ്ടാകണം. അറിയാനും വായിക്കാനും മനസ്സിലാക്കാനും വേദികള്‍ ഉണ്ടാകണം. അതോടൊപ്പം പ്രധാനമാണ് കുട്ടികള്‍ ശാസ്ത്ര ബോധമുളളവരും ശാസ്ത്രാഭിമുഖ്യം ഉള്ളവരായും വളരണം എന്നത്. എങ്കില്‍ മാത്രമേ ഭാരതത്തിന്റെ ഭാവി ഏറ്റവും സുരക്ഷിതമായിരിക്കുകയുള്ളൂ. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ അത് ആത്മീയ ചൈതന്യത്തിന്റെ മൂര്‍ത്ത രൂപമാണ്. പിന്നീട് ജീവിതയാത്രയില്‍ സ്വത്വത്തെക്കുറിച്ചുള്ള മറവി ബാധിക്കുകയും താന്‍ ആര് എന്ന ബോധം ഇല്ലാതാകുകയും ചെയ്യുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള, വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. സോമനാഥ് പറഞ്ഞു.
ആര് പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു.എം.എ. കൃഷ്ണന്, നടി പ്രവീണ, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന് , സി. അജിത്, ഡി രമേശ്, വി അതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: