പുനലൂര്‍: കഴുതുരുട്ടി പതിമൂന്ന് കണ്ണറ പാലത്തിന് മുകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് റെയില്‍വ്വെ പ്രൊട്ടക്ഷന്‍ സമിതിയും, നാട്ടുകാരും റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്കി. 1904ല്‍ പാലം സജ്ജമായതു മുതല്‍ സഞ്ചാരികള്‍ പാലത്തിന് മുകളില്‍ കയറി ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചിരുന്നു. ഇന്നുവരെ ഇതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ അടുത്ത കാലത്ത് ഇവിടം സന്ദര്‍ശിച്ച റെയില്‍വേ ജനറല്‍ മാനേജരെ ഇവിടെ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് സന്ദര്‍ശകരും നാട്ടുകാരും പറയുന്നു. എന്നാല്‍ റെയില്‍വേട്രാക്കിന് ഇരുവശവും നാല് അടിയില്‍ പുറത്ത് വീതിയില്‍ ഫുഡ് പാത്ത് നിര്‍മ്മിച്ച് കൈവരിയും നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെ സഞ്ചാരികള്‍ സുരക്ഷിതരാണ്. ഇതുവരെ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെ നിന്നാല്‍ പാലത്തിന് താഴെയായി ഒഴുകുന്ന കഴുതുരുട്ടി ആറും മലനിരകളും, തുരങ്ക പാതയുമൊക്കെ ഏതു സഞ്ചാരികളേയും ആകര്‍ഷിക്കുന്നതാണ്. ഇതിന് താഴെ വാഹന പാര്‍ക്കിംഗ് ഉണ്ടായിരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് പതിമൂന്ന് കണ്ണറ പാലത്തിന് അടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ സ്ഥലമുണ്ട്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് സഞ്ചാരികള്‍ മുകളിലേയ്ക്ക് കയറുക. ഇതിനും വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും എം.പി മുഖേന റെയില്‍വേയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയായ ഇവിടെ ഒരു ജീവനക്കാരനെ നിയമിച്ച് പാര്‍ക്കിംഗ്, പ്രവേശനം എന്നിവയ്ക്ക് ഫീസ് ഈടാക്കിയാലും ഇവിടെ സഞ്ചാരികളുടെ വരവിന് തടസ്സം സൃഷ്ടിക്കരുത് എന്ന ആവശ്യമാണ് ഇവിടെയുള്ളവര്‍ക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: