രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ അസാധാരണ മാറ്റങ്ങളാവും ഇത്തവണയെന്ന തരത്തിലുള്ള സൂചനകളാണ് ബിജെപി നേതൃത്വത്തില്‍ നിന്നും ലഭിച്ചത്. ബുധനാഴ്ച 36 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ എത്ര സമഗ്രമായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമില്‍ വരുത്തിയതെന്ന് കൂടുതല്‍ വ്യക്തമായി. മുതിര്‍ന്ന 12 കേന്ദ്രമന്ത്രിമാരെ മാറ്റി നിര്‍ത്തി യുവനേതൃത്വത്തെ ഭരണമേല്‍പ്പിച്ച മോദിയുടെ നീക്കം അപ്രതീക്ഷിതമെന്നാണ് പ്രതിപക്ഷ നേതാക്കളടക്കം പറയുന്നത്. എന്നാല്‍ ദീര്‍ഘകാലമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് ഇത്രവലിയ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബിജെപി ദേശീയ നേതൃത്വവും തയ്യാറായത്. കേന്ദ്രസര്‍ക്കാരിന്റെ മുഖം മിനുക്കുക എന്ന പതിവ് നടപടിയായല്ല ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിക്കുന്ന സുപ്രധാന നീക്കമായാണ് മോദിയുടെ നടപടിയെ ഇവര്‍ വിലയിരുത്തുന്നത്.
ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി പ്രവര്‍ത്തിച്ചവരും എംഎല്‍എമാരായിരുന്നവരും പുനഃസംഘടനയില്‍ ഇടംപിടിച്ചു. ഇതിനൊപ്പം തന്നെ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍,കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാണ് മോദി മന്ത്രിസഭയില്‍ അംഗങ്ങളായത്. 77 അംഗ മന്ത്രിസഭയില്‍ 47 പേര് പിന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ഏറെ ശ്രദ്ധേയമായി. ഒബിസി വിഭാഗക്കാരായ 27 പേരാണ് മന്ത്രിസഭയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 8 പേരും മോദി സര്‍ക്കാരിന്റെ ഭാഗമാണ്. സവര്‍ണ്ണ പാര്‍ട്ടി എന്ന ലേബല്‍ ചാര്‍ത്തി സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ സാമൂഹ്യ സമരസതയുടെ ഏറ്റവും മികച്ച മാതൃക തന്നെ മുന്നോട്ട് വെയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു.
സ്വതന്ത്രഭാരതത്തില്‍ അവഗണനയേറ്റുവാങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് നീതി കാട്ടിയ രണ്ടു സര്‍ക്കാരുകള്‍ അടല്‍ ബിഹാരി വാജ്പേയിയുടേയും നരേന്ദ്രമോദിയുടേയും സര്‍ക്കാരുകളാണ്. ചരിത്രത്തിലാദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 5 കേന്ദ്രമന്ത്രിമാരെ പ്രഖ്യാപിച്ചും പ്രധാനമന്ത്രി മോദി നയം വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളും ദേശീയപാതകളും റെയില്‍ കണക്ടിവിറ്റിയും അനുദിനം വര്‍ദ്ധിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനക്കുതിപ്പിന് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ഈ കേന്ദ്രമന്ത്രിമാര്‍ക്ക് സാധിക്കുമെന്നുറപ്പ്. വടക്കുകിഴക്കന്‍മന്ത്രാലയങ്ങളുടെ ചുമതലയ്ക്കായി ക്യാബിനറ്റ് റാങ്കില്‍ തെക്കേന്ത്യക്കാരനായ ജി. കിഷന് റെഡ്ഡിയെ നിയമിച്ച നടപടിയും ശ്രദ്ധേയമായി. തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ വലിയ പ്രാധാന്യം ലഭിച്ചു. ശോഭാ കരന്തലജെ, രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുഗന്, എ നാരായണസ്വാമി, ഭഗവന്ത് കുബ തുടങ്ങി അഞ്ചു പേരാണ് കേന്ദ്രമന്ത്രിമാരായത്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ജി. കിഷന് റെഡ്ഡിക്ക് ടൂറിസം, സാംസ്ക്കാരിക മന്ത്രാലയങ്ങളുടെ ക്യാബിനറ്റ് ചുമതല ലഭിച്ചതും തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തിന്റെ തെളിവായി. എംപി പോലുമല്ലാത്ത എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചത് തമിഴ്നാടിന് മോദി നല്കുന്ന പ്രത്യേക താല്‍പ്പര്യത്തിന്റെ അടയാളമാണ്. ഉടന്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് മുരുഗന് നല്‍കാനാണ് ബിജെപി തീരുമാനം.
കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായ പരിധി 58 വയസ്സായി കുറഞ്ഞതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. 50 വയസ്സിന് താഴെയുള്ള മന്ത്രിമാരുടെ എണ്ണം 14 ആണ്. യുവാക്കളും വിദ്യാസമ്പന്നരും ഭരണപരിചയമുള്ള മുതിര്‍ന്ന നേതാക്കളും അടങ്ങിയ കുറ്റമറ്റ ടീമിനെയാണ് പുനഃസംഘടനയിലൂടെ പ്രധാനമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്നത്. സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ അതിന്റെ ചുമതലക്കാരനായി നിശ്ചയിച്ചതും ഫിഷറീസിന് ക്യാബിനറ്റ് മന്ത്രിയെ പ്രഖ്യാപിച്ചതും ബിജെപിയുടെ നിര്‍ണ്ണായക തീരുമാനങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന യുപിയില്‍ നിന്ന് കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ പുതുതായി വന്നതും മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയതും മികച്ച രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: