തിരുവനന്തപുരം: ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ കത്തിക്കുമായിരുന്നുവെന്ന പരോക്ഷ സൂചന നല്കുന്ന വൈദികന്റെ പ്രസംഗം വിവാദമാകുന്നു.
കാഞ്ഞിരപ്പള്ളി രൂപതാ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം ) ഡയറക്ടര്‍ ഫാ. സുനില്‍ കൊച്ചുപുരയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ക്രിസ്ത്യന്‍ യുവജനവിഭാഗം നടത്തിയ പന്തം കൊളുത്തി പ്രകടനത്തില്‍ പ്രസംഗിക്കവേ വിവാദമായ ഈ പ്രസംഗം നടത്തിയത്. “ഈ ലോക്ഡൗണ്‍ കാലമായതുകൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യ നിന്ന് കത്തിയേനെ,” ഫാദല്‍ സുനില്‍ കൊച്ചുപുര പറഞ്ഞു.
. ഇത്തരമൊരു കലാപപ്രസംഗം വൈദികന് നടത്തിയെന്നത് സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ ക്രിസ്തീയ സഭകള്‍ക്കകത്തെ യുവജനങ്ങളില്പ്പോലും പ്രതിഷേധമുണ്ട്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫാ. സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ ഉത്ഭവം ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്. കോവിഡ് ബാധയെത്തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് 84കാരനായ സ്റ്റാന്‍സ്വാമി ആശുപത്രിയില്ലെ തീവ്രപരിചരണവിഭാഗത്തില്‍ മരിച്ചത്.
2018ല്‍ ഭീമ കോറിഗാവില്‍ നടന്ന മാവോയിസ്റ്റ് സംഗമത്തില്‍ ഫാ.സ്റ്റാന്‍ സ്വാമി പങ്കെടുത്തതിന് തെളിവുകളുണ്ട്. മാവോയിസ്റ്റ് സംഗമത്തിന്റെ ലഘുലേഖകളും ഇതിലേക്കായി ദരിദ്രവിഭാഗങ്ങളെ ആകര്‍ഷിക്കാനും സ്റ്റാന്‍ സ്വാമി പ്രവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ രഹസ്യ ഏജന്‍സികളുടെ കയ്യില്‍ ഉണ്ടായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപിലും അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എന്‍ ഐഎ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തിന്റെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ നിരവധി തെളിവുകളും കണ്ടെത്തിയിരുന്നു.
വൈദികവൃത്തിയുടെ സംരക്ഷണയില്‍ ദരിദ്രവിഭാഗക്കാരായ ഗ്രാമീണരില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ എത്തിക്കാനും മാവോയിസ്റ്റ് സംഘടനയില്‍ അവരെ ചേര്‍ക്കാനും സ്റ്റാന്‍ സ്വാമി ശ്രമിച്ചിരുന്നു. ഗ്രാമീണരെ മാവോയിസ്റ്റ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും സ്റ്റാന്‍ സ്വാമി നടത്തിയ നീക്കങ്ങള്‍ എന്‍ ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പേരിലാണ് അര്‍ബന്‍ നക്സല്‍ (നഗര നക്സല്‍) എന്ന പേരില്‍ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈദികനായതിനാല്‍ ഈ അറസ്റ്റിലൂടെ അദ്ദേഹത്തിന് ഒരു ഇരയുടെ പരിവേഷം ചാര്‍ത്തിക്കിട്ടുകയായിരുന്നു. ഈ അറസ്റ്റിന് ഒരു മതപരിവേഷവും കൈവന്നു. അറസ്റ്റ് ചെയ്തവരാകട്ടെ ഹിന്ദു ഭീകരവാദികളുമായി മാറി.
എന്‍ ഐഎ നടത്തിയ അന്വേഷണത്തില്‍ വൈദികന് തന്റെ കുറ്റങ്ങള്‍ സമ്മതിച്ചിരുന്നു. തെളിവുകള്‍ ശക്തമായതിനാല്‍ അദ്ദേഹത്തിന് കോടതികളും ജാമ്യം നല്‍കിയില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധികളും എന്തിന് വത്തിക്കാന്‍ പോലും സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ബഹളം കൂട്ടിയിരുന്നത്.
സ്റ്റാന്‍സ്വാമിയുടെ മരണത്തോടനുബന്ധിച്ച് ധാരാളം വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. അതില്‍ വ്യത്യസ്തമായ ഒന്ന് കാലില്‍ ചങ്ങലയിട്ട് ആശുപത്രി ബെഡില്‍ ഓക്സിജന്‍ മാസ്കും വെച്ച് ഇരിക്കുന്ന ഒരു വൃദ്ധന്റെ ചിത്രമാണ്. സ്റ്റാന്‍ സ്വാമിയുടേതെന്ന പേരിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയിലെ 92 വയസ്സുകാരനായ തടവുകാരന്റെ ചിത്രമായിരുന്നു. ഈ ചിത്രം പുറത്തുവിട്ട ജയില്‍ വാര്‍ഡനെ സസ്പെന്റ് ചെയ്തിരുന്നു. ബാബുറാം ബല്‍വാന്‍ സിംഗ് എന്ന തടവുകാരന്റെ ചിത്രമായിരുന്നു ഇത്.കൊലപാതകക്കുറ്റം ചെയ്ത വൃദ്ധത്തടവുകാരനെ. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ ബെഡ് ഒഴിവില്ലാത്തതിനാല്‍ ഇറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ചിത്രം ആരാണ് പ്രചരിപ്പിച്ചതെന്ന കാര്യവും എന്‍ഐഎ ഉള്‍പ്പെടെയുള്ള രഹസ്യഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: