കൂറ്റനാട് (പാലക്കാട്): തിരുമിറ്റക്കോട് കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍, മുഹമ്മദ് എന്ന ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോയുമാണ് ചുമത്തിയിരിക്കുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഈ സംഭവത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ പിടിയിലാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കി ലഹരിക്ക് അടിമയാക്കുകയാണ് ഇവരുടെ രീതി. പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കും. പരാതിക്കാരിയായ പെണ്‍കുട്ടി മൂന്ന് വര്‍ഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. സംഭവത്തില്‍ വന്‍ ലഹരി മരുന്ന് റാക്കറ്റുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെ കൂടാതെ ലഹരി മരുന്ന്, സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നെന്നാണ് മൊഴി. അച്ഛന്റെ സുഹൃത്ത് മുഹമ്മദ് രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിന്റെ ഉപദ്രവം. ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ കഞ്ചാവും ലഹരിമരുന്നും നല്കി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.
പ്രായ പൂര്‍ത്തിയാവാത്ത സമയത്ത് മകളെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് ഇടപെടല്‍ വൈകിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ്, പുലി എന്ന നൗഫല്‍, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീവ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്ക്കുമെതിരെയായിരുന്നു പരാതി. വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്ന ചിത്രങ്ങളെടുത്തിട്ടുണ്ടെന്നും നിരന്തം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കഞ്ചാവും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കിയിരുന്നു. സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് പ്ലസ്ടു പഠനം ഉപേക്ഷിക്കേണ്ടി വന്നു.
കഴിഞ്ഞ ഏപ്രില്‍ 30ന് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായി. രക്ഷിതാക്കള്‍ ചാലിശേരി പോലീസില്‍ പരാതി നല്കി. ജൂണ്‍ 20ന് പെണ്‍കുട്ടിയും അഭിലാഷും പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താല്പര്യമെന്നറിയിച്ചതോടെ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം വിട്ടു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായതിനും യുവാവ് മയക്കുമരുന്ന് നല്‍കിയതിനും തെളിവുകള്‍ കിട്ടിയതെന്നു പരാതിയില്‍ പറയുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയത്.
തുടര്‍ച്ചയായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക പ്രശ്നം നേരിട്ട പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ചാലിശേരി പോലീസാണ് കേസന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ നേരിട്ട് കണ്ട് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: