ആലപ്പുഴ: ആഭ്യന്തരമന്ത്രി അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക്. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനെന്നും ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പറഞ്ഞു. അതിനാല്‍ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്പാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതില്‍ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ റിസര്‍വ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ മതിയാകും. അതിലൂടെ വൈദ്യനാഥന് കമ്മിറ്റി നിര്‍ദ്ദേശിച്ചതും നമ്മള് തിരസ്കരിച്ചതുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകും.
ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകള്‍ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളില്‍ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവല്‍ സ്ലിപ്പേ പാടുള്ളൂ.
കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച ഈ പറഞ്ഞ നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാല്‍ പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തില്‍ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നതെന്നും അദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
എന്നാല്‍, സിപിഎമ്മിന്റെ കള്ളപ്പണം സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും. ഇത് പിടിച്ചെടുക്കാന്‍ അമിത് ഷാ മുന്നിട്ടിറങ്ങിയാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു. ഐസക്കിന്റെ പോസ്റ്റിന്റെ താഴെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ചില വിമര്‍ശനങ്ങള്‍ അദേഹം തന്നെ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: