ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കൊട്ടിഘോഷിക്കലുകള്‍ വെറും തട്ടിപ്പ്. സാമൂഹിക സുരക്ഷാ മിഷന് കീഴിലെ ആശ്വാസ കിരണം പദ്ധതിയില്‍ നിന്ന് ധനസഹായം വിതരണം നിലച്ചിട്ട് ഒന്നര വര്‍ഷം. സര്‍ക്കാരില്‍ നിന്നും ഫണ്ട് നിലച്ചതാണ് കാരണം. 2020 ജനുവരിക്ക് ശേഷം തുക വിതരണം ചെയ്തിട്ടില്ല. മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും 600 രൂപ ധനസഹായം നല്കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ നിലച്ചത്. തുക ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പേര് ദുരിതത്തിലായി.
സാമൂഹിക സുരക്ഷാ മിഷനില്‍ അന്വേഷിച്ച് എത്തുന്നവര്‍ക്ക് ഫണ്ട് എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നു തുക ലഭിക്കുമെന്ന കൃത്യമായ ഉറപ്പ് ആര്‍ക്കുമില്ല. ഇതിനിടെ കൊവിഡ് ലോക്ഡൗണ്‍ തുടരുന്നത് പദ്ധതിക്കു കീഴിലുള്ളവരുടെ ജീവിതം കഷ്ടത്തിലാക്കി. രോഗിക്കു കൃത്യമായ പരിചരണത്തിനു കൂടി പണമില്ലാത്ത സ്ഥിതിയാണ്. രോഗികളുടെ രക്ഷകര്‍ത്താക്കള്‍ നിവേദനം നല്‍കിയും, സമരം ചെയ്തു കുഴഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല.
കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം ഉള്‍പ്പെടെയുള്ള നാഡീരോഗങ്ങള്‍ എന്നിവമൂലം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവര്‍, കിടപ്പു രോഗികള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍, 100 ശതമാനം അന്ധത ബാധിച്ചവര്‍ , എന്‍ഡോസള്‍ഫാന്‍ ബാധിച്ചു പൂര്‍ണമായി ദുര്‍ബലരായവര്‍ തുടങ്ങിയവരാണ് ഉപഭോക്താക്കള്‍.
ഇത്തരം രോഗികള്‍ക്ക് മരുന്നിന് തന്നെ വലിയ തുക ആവശ്യമായി വരും. അതീവ സംരക്ഷണം ആവശ്യമുള്ള ഇവര്‍ക്ക് ആശ്വാസ കിരണം വഴിയുള്ള തുക വലിയ സഹായമായിരുന്നു. നേരത്തെയും പല തവണ സഹായ വിതരണം മുടങ്ങിയിരുന്നു. സാമൂഹിക പെന്‍ഷനുകള്‍ ഉള്‍പ്പടെ മറ്റെല്ലാ സഹായങ്ങളുടെയും തുക ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടും കാലങ്ങളായി 100 രൂപയുടെ വര്‍ദ്ധനവ് പോലും ആശ്വാസകിരണത്തലുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: