ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുമ്പോഴും സംസ്ഥാനത്ത് സംഭവിക്കുന്ന മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളില്‍ കണ്ണടയ്ക്കുന്നു. പലപ്പോഴും ലോകത്തിന്റെ മുന്നില്‍ തന്നെ രാജ്യത്തിന് നാണക്കെടുണ്ടാക്കൂന്ന സംഭവങ്ങള്‍ വരെ സംസ്ഥാനത്ത് അരങ്ങേറുന്നു എന്നതാണ് വസ്തുത. അതേസമയം ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക നായകരും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളിലേക്ക് കാതുകൂര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം ദുരഭിമാനക്കൊല മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ കേരളത്തില്‍ അരങ്ങേറുന്നു. സ്ത്രീധന പീഡനത്തില്‍ നടക്കുന്ന കൊലപാതകവും ആക്രമണവും ഭീകരവാദവും വേറെ. അരാജകത്വം നിലനില്‍ക്കുന്ന തലത്തിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ ഇടതുവലതു മുന്നണികളൂടെ പങ്ക് ഒരേപോലെയാണ്.
ഇന്ത്യയില്‍ നിന്നും ഭീകരവാദപ്രവര്‍ത്തനത്തിനായി ഐഎസ്സില്‍ ചേര്‍ന്നതിന് ശേഷം ഇന്ത്യയില്‍ മടങ്ങാന്‍ കാത്തിരിക്കുന്നവരില്‍ മലയാളികളാണ് ഭൂരിഭാഗവും. പാക് നിര്‍മിത തിരകളും സ്ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും കേരളത്തില്‍ നിന്നും കണ്ടെടുത്തു. ഭീകരവാദികളുടെ താവളമാണെന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം സംസ്ഥാനത്ത് അരങ്ങേറുമ്പോള്‍ ഇവിടത്തെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവം നല്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റേത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു. മോഷ്ടാവെന്ന് കരുതി പിടിച്ച യുവാവ് മരിച്ചു എന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ തുടക്കത്തില്‍ വാര്‍ത്ത നല്‍കിയത്. അതുപോലെതന്നെ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന് യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് കെവിന് എന്ന ചെറുപ്പക്കാരനെ കൊന്നു. 2019ല്‍ നടന്ന സംഭവം തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന് പറയാന്‍ പോലും മലയാള മാധ്യമങ്ങള്‍ തയാറായിരുന്നില്ല. കൊവിഡ് വ്യാപന ഘട്ടത്തില്‍ മൃതദേഹം ഗംഗയില്‍ കണ്ടെന്ന വ്യാജവാര്‍ത്തയ്ക്കൊപ്പം പങ്കുവച്ച ചിത്രവും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതായിരുന്നു. അതേസമയം കൊവിഡ് മൂലം മരിച്ചവരെ സംസ്കാരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു കേരളം. മൃതദേഹവുമായി ജനങ്ങള്‍ ശ്മശാനത്തിന് മുന്നില്‍ ഊഴം കാത്തിരുന്ന് ദിവസങ്ങളായിരുന്നു ഇത്.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുരുന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് തുടക്കത്തില്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. കൊല്ലം ശാസ്തമംഗലത്തെ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ, കൊല്ലം സ്വദേശി പാമ്പുകടിയേറ്റ് മരണമടഞ്ഞ ഉത്ര, ആലപ്പുഴ വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സുചിത്ര, വിഴിഞ്ഞത്ത് തീ കൊളുത്തിയ അര്‍ച്ചന തുടങ്ങിയവര്‍ മരിച്ചത് സ്ത്രീധന പീഡനംമൂലമാണ്. കേരളത്തിലെ സ്ത്രീധന-ഗാര്‍ഹിക-പീഡനങ്ങള്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
എറണാകുളത്ത് ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചത്, കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊന്ന അമ്മ. തൃശൂര്‍ മുരിങ്ങൂര്‍ പീഡനകേസില്‍ പരാതി നല്‍കിയിട്ടും മൊഴി പോലും വനിതാ കമ്മീഷന് സ്വീകരിച്ചില്ലെന്ന കായിക താരം മയൂഖ ജോണിന്റെ പരാതി, കണ്ണൂരിലെ ഒന്‍പതുവയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്ന സംഭവം, ഭാര്യമാരെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിയ സംഭവം, മദ്യലഹരിയില്‍ അമ്മയെ മകന് കഴുത്തു ഞെരിച്ചുകൊന്ന സംഭവം ഇങ്ങനെ നീണ്ടു പോകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സംഭവവികാസങ്ങള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവ് മരണമടഞ്ഞ സംഭവവും മധ്യപ്രദേശില്‍ സ്ത്രീകളെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവവുമെല്ലാം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ വാര്‍ത്താ മാധ്യമങ്ങളും ഇടതുവലതു സാംസ്കാരിക ബുദ്ധികേന്ദ്രങ്ങളും പ്രയത്നിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യ മനഃസാക്ഷിയെ നാണിപ്പിക്കുന്ന സംഭവങ്ങളെ ബോധപൂര്‍വം തമസ്കരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: