കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്തുക്കേസില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പോലീസ് യൂണിഫോമിന്റെ നക്ഷത്രങ്ങള്‍ സംഭവങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു. സ്വര്‍ണ കള്ളക്കടത്തിനായി ഇക്കൂട്ടര്‍ പോലീസ് വേഷവും പോലീസിനേയും ഉപയോഗപ്പെടുത്തിയെന്നാണ് തെളിയുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് സംഘം സിപിഎമ്മിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് പോലീസിനെ ഉപയോഗപ്പെടുത്തിയതായുള്ള സംശയമാണ് ബലപ്പെടുന്നത്. ഇവര്‍ക്ക് പോലീസിലെ ചില ഉന്നതരുമായി വളരെയടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. പോലീസിലെ സ്വാധീനമാണ് ഇത്തരം സംഘങ്ങള്‍ക്ക് തുടര്‍ കള്ളക്കടത്തിനും ക്വട്ടേഷനും പ്രചോദനമാകുന്നതെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുയാണ്.
കൂടാതെ ഇത്തരം കള്ളക്കടത്ത് സംഘങ്ങളുമായി വളരെയടുത്ത ബന്ധമുള്ള പോലീസ് സംഘങ്ങള്‍ക്ക് മദ്യസല്‍ക്കാരവും പാര്‍ട്ടിയും നല്‍കുന്നതും പാരിതോഷികവും മറ്റും എത്തിക്കുന്നതും പതിവാണെന്നും ചില ഉദ്യോഗസ്ഥര്‍ ഇത്തരം സംഘങ്ങളില്‍ നിന്ന് മാസപ്പടി പറ്റുന്നവരാണെന്നും വരെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പോലീസ് യൂണിഫോമിന്റെ ഭാഗമായ തൊപ്പിയിലെ നക്ഷത്ര ചിഹ്നം കള്ളക്കടത്ത്-കൊലക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പ്രത്യേക ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇതിന് പുറമേ അവര്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ് അടക്കം വിലപ്പെട്ട മറ്റു രേഖകളും ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ഏഴിന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ ചൊക്ലി നിടുമ്പ്രത്തെ വീട്ടിലും കസ്റ്റംസ് ഇതേ സമയം തന്നെ മറ്റൊരു ഗ്രൂപ്പായി റെയ്ഡ് നടത്തിയിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജുന് ആയങ്കിയെ സ്ഥലത്തെത്തിച്ചായിരുന്നു കസ്റ്റംസ് റെയ്ഡിനെത്തിയത്.
പുറത്ത് വാഹനത്തിലിരുന്ന അര്‍ജുനെ റെയ്ഡിനിടെ കസ്റ്റംസ് ഷാഫിയുടെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് ഒരേ സമയം കൊടി സുനി, ഷാഫി എന്നിവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: