കണ്ണൂര്‍: സ്വര്‍ണക്കടത്തിലും സ്വര്‍ണം പൊട്ടിക്കലിലും ആഭ്യന്തര-ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നു. ഇടപാടില്‍ അര്ജുന് ആയങ്കിക്കും കൂട്ടാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ക്കും ഒത്താശ ചെയ്യാന്‍ പോലീസ്-ജയില്‍ അധികൃതരുണ്ടായത് അവര്‍ക്ക് അധികാരികളുടെ നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ്. ഇതിന് പാര്‍ട്ടി നേതാക്കളും ഭരണത്തിലെ പ്രമുഖരും മുന്‍കൈ എടുത്തിട്ടുണ്ട്.
അന്വേഷണം മുറുകുംതോറും കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അങ്കലാപ്പ് കൂടുകയാണ്. കസ്റ്റംസിന് കിട്ടിയിരിക്കുന്ന തെളിവുകള്‍ പ്രകാരം സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും മാത്രമല്ല, കള്ളപ്പണ ഇടപാടും അര്‍ജുനും കൂട്ടര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വൈകാതെ അന്വേഷണത്തിന് വരും.
ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് നല്കുന്ന വഴിവിട്ട സൗകര്യങ്ങള്‍ക്കു പുറമേ പോലീസ് യൂണിഫോം കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
ജില്ലയിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ നിര്‍ദേശവും അറിവുമില്ലാതെ ജയില്‍-പോലീസ് സംവിധാനത്തില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി അര്ജുന് ആയങ്കിയെ കണ്ണൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ജില്ലയിലെ കൂടുതല്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലേക്കും നേതാക്കളിലേക്കും അന്വേഷണം എത്തിക്കുകയാണ്. ഭരണതലം മുതല്‍ സിപിഎമ്മിന്റെ താഴേത്തലത്തിലെ സംഘടനാ സംവിധാനം വരെയുള്ള വലിയ ഒരു കണ്ണി തന്നെ ഇത്തരം സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. കസ്റ്റംസ് കൊടി സുനിയെ ജയിലില്‍ ചോദ്യം ചെയ്യും. മുഹമ്മദ് ഷാഫിക്ക് ബുധനാഴ്ച കസ്റ്റംസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി.
ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് ലാപ്ടോപ്, പെന്‍ഡ്രൈവ്, സിം കാര്‍ഡ്, ചില രേഖകള്‍ എന്നിവ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കസ്റ്റംസ് അടുത്ത ദിവസം തന്നെ പരിശോധനയ്ക്ക് വിധേയമാക്കും. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെളിവെടുപ്പില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: