തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ആകുന്നുവെന്ന ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിടവാങ്ങലിനു തൊട്ടുമുന്‍പ് അതു സമ്മതിക്കുകയും ചെയ്തു. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും ബെഹ്റ തുറന്നു പറഞ്ഞു. ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ട് അഞ്ചു വര്‍ഷത്തോളം അദ്ദേഹം മൗനം പാലിച്ചെങ്കില്‍ അത്തരക്കാര്‍ നയിക്കുന്ന പോലീസ് സേനയേയും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനേയും ജനം എങ്ങനെ വിശ്വസിക്കും? അഥവാ ഡിജിപി ആഗ്രഹിച്ചിട്ടും പറയാന്‍ കഴിയാതെ പോയതാണെങ്കില്‍ ആരാണ് പോലീസ് മേധാവിയുടെ വായ് മൂടിയത്? എന്തായിരുന്നു അവരുടെ ലക്ഷ്യം? സംശയങ്ങള്‍ ഒരുപാടു ബാക്കിയാണ്. ബെഹ്റയുടെ കാലത്തും അതിനു മുന്‍പും കേരളം ഭരിച്ചവര്‍ തന്നെ അതിനു മറുപടി പറയണം.
മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്നറിയിപ്പുകള്‍ നല്കിയ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും വിവിധ കമ്മീഷന് കണ്ടെത്തലുകളും പൂഴ്ത്തിവച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്കിയതും വളമിട്ടു വളര്‍ത്തിയതും പരിപാലിച്ചതും മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളാണ്. ഒരു തരം കൂട്ടുകച്ചവടമായിരുന്നു അത്. വോട്ടു ഞങ്ങള്‍ക്ക്, പകരം നിങ്ങളെ ഞങ്ങള്‍ കാക്കും എന്ന നിലപാടായിരുന്നു ഇരു സര്‍ക്കാരുകള്‍ക്കും. മൂടേണ്ടതൊക്കെ മൂടിവച്ചു, പുഴ്ത്തേണ്ടതൊക്കെ പൂഴ്ത്തി. അങ്ങനെ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറി. അതിന്റെ ബലത്തില്‍ ഭരണത്തിന്റെ ശീതളഛായ പങ്കിട്ടു വാണ ഇടതും വലതും ഈ നാടിനെ ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണു കൊണ്ടെത്തിച്ചിരിക്കുന്നത്.
കാര്യങ്ങള്‍ അവരുടെ കയ്യിലും നില്‍ക്കാത്ത അവസ്ഥയാണിന്ന്. ജയിലില്‍ നിന്നും അധോലോകത്തുനിന്നും തീവ്രവാദ ക്യാംപുകളില്‍ നിന്നും സംസ്ഥാന ഭരണം നിയന്ത്രിക്കപ്പെടുന്ന കാലം. സര്‍ക്കാര്‍ ഇന്നു പങ്കാളികളല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളാണ്. ഈ പോക്ക് എങ്ങോട്ടാണ്? ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം തയ്യാറാക്കിയ അന്വേഷണ പരമ്പര തുടങ്ങുന്നു. തീവ്രവാദത്തിന്റെ ഇടനാഴിയിലൂടെ ആദ്യ ഭാഗം ഇന്ന് വിചാരം പേജില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: