കോഴിക്കോട് : ടിപി വധക്കേസ് പ്രതികളുടെ സഹായത്താലാണ് വിദേശത്ത് നിന്നും സ്വര്‍ണ്ണം കവര്ന്നിരുന്നതെന്ന് അര്ജുന് ആയങ്കിയുടെ വെളിപ്പെടുത്തല്‍. കരിപ്പൂര്‍ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കസ്റ്റംസ് അന്വേഷണ സംഘത്തിന് മുമ്പാകെ അര്ജുന് മൊഴി നല്കി.
വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാനാണ് ടിപി വധക്കേസ് പ്രതികള്‍ സഹായിച്ചത്. കവരുന്ന സ്വര്‍ണത്തിന്റെ ഒരു വിഹിതം ഇവര്‍ക്കും നല്കി. ഒളിവില്‍ കഴിയാനും പ്രതികളുടെ സഹായം ലഭിച്ചതായും അര്ജുന് വെളിപ്പെടുത്തി. പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്ജ്ജുന് ഒളിവില്‍ കഴിഞ്ഞത്.
എന്നാല്‍ കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും അര്ജുന് അറിയിച്ചു. ഇതിന് മുന്‍പ് സ്വര്‍ണക്കടത്തുകാരുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്നിരുന്നു. കൂടാതെ കരിപ്പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായം കിട്ടിയെന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നുണ്ട്. പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്ജുന് ഒളിവില്‍ കഴിഞ്ഞത്.
കരിപ്പൂരില്‍ വന്നത് പണം വാങ്ങാനാണെന്നും സ്വര്‍ണം കവരാനല്ലെന്നും അര്ജുന് പറയുന്നു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്. തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അര്ജുന് ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. കേസില്‍ നേരത്തെ ചോദ്യം ചെയ്ത സജേഷിനെ കസ്റ്റഡിയിലെടുക്കാന്‍ തക്ക തെളിവില്ലെന്നാണ് വിവരം.
അര്ജുന് മൊഴികളില്‍ പരാമര്‍ശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ ടിപി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്തേക്കും. ടിപി വധക്കേസ് പ്രതികളില്‍ ആരോക്കെയാണ് അര്‍ജ്ജുനെ സഹായിച്ചത് എന്നുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം അര്ജ്ജുന് ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരില്‍ എത്തിച്ചു. കണ്ണൂരിലെ കസ്റ്റംസ് ഓഫീസിലാണ് എത്തിച്ചത്. മൊബൈല്‍ കുപ്പം പുഴയില്‍ കളഞ്ഞു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അര്‍ജ്ജുന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: