മുകുന്ദന് മുസലിയാത്ത്
ഭരതന് തപസ്സു ചെയ്യുന്ന പുലഹാശ്രമത്തിനടുത്തുകൂടി ഗണ്ഡകീ നദി സ്വച്ഛന്ദം ഒഴുകി. പൂര്‍ണഗര്‍ഭിണിയായ ഒരു മാന്‍പേട വെള്ളം കുടിക്കാനായി നദിക്കരയിലെത്തി. പെട്ടെന്നു സിംഹഗര്‍ജ്ജനം കേട്ട മാന്‍പേട മുന്നോട്ടു ചാടി നദിയില്‍ വീണു. ഭയപ്പാടിന്റെ തീവ്രത കാരണം ഗര്‍ഭസ്ഥനായിരുന്ന മാന്കുട്ടി നദീജലത്തില്‍ പ്രസവിച്ചു വീണു. പേടമാന് അന്ത്യശ്വാസം വലിക്കുകയും ചെയ്തു.
ഭരതന് ഈ കാഴ്ച കണ്ടു അനാശ്രയമായി നദിയിലൊഴുകുന്ന മാന്‍കുട്ടിയോടു ഭരതന് ദയ തോന്നി. അതിനെ ജലത്തില്‍നിന്നു പുറത്തെടുത്തു വെള്ളമെല്ലാം തുടച്ചു കളഞ്ഞു. മാന്‍കുട്ടിക്കു കുറച്ചുപാലും കൊടുത്തു. ആ മാന്കുട്ടി ക്രമേണ ആശ്രമത്തിലെ അന്തേവാസിയായി. ഭരതനും മാന്‍കുട്ടിയും ഇണപിരിയാത്ത ജോഡികളായി. ഭരതന്റെ ശ്രദ്ധ സദാ മാന്‍കുട്ടിയിലായി. യോഗസാധന വിസ്മൃതമായി. മരണസമയത്ത് മാന്‍കുട്ടിയുടെ കാര്യമോര്‍ത്തു ദുഃഖിച്ച ഭരതന് അടുത്ത ജന്മത്തില് ഒരു മാന്‍പേടയായിത്തന്നെ ജനിച്ചു. ഭരതന് യോഗസംസ്കാരം പൂര്‍ണമായും നഷ്ടമായിരുന്നില്ല. തന്റെ മനുഷ്യജന്മാനുഭവം മാന്‍പേട പൂര്‍ണമായും സ്മരിച്ചു. ഈ ജന്മത്തില് കൂടുതല്‍ കര്‍മബന്ധത്തില്‍ കുടുങ്ങാതിരിക്കാന്‍ ഗംഗയില്‍ ചാടി മാന്‍ ശരീരത്തെ ഉപേക്ഷിച്ചു.
അടുത്ത ജന്മം ഒരു ബ്രാഹ്മണ കുലത്തിലായിരുന്നു ജനനം. മുന്‍ ജന്മാനുഭവം പുനരാവര്‍ത്തിക്കാതിരിക്കാന്‍ ബ്രാഹ്മണന് പ്രത്യേകം ശ്രദ്ധിച്ചു. തന്റെ തനിമ മൂടിവെക്കാന്‍ മൂകനായും വിഡ്ഢിയായും അഭിനയിച്ചു. ഗായത്രി പോലും നേരാവണ്ണം ചൊല്ലാനറിയാത്ത കുട്ടിയെ പിതാവ് വീട്ടില്‍നിന്നും ആട്ടിയോടിച്ചു.
ഭ്രാന്തനെപ്പോലെ അലയുന്നതിനിടയില്‍ ഭരതന് കിരാതന്മാരുടെ പിടിയില്‍പ്പെട്ടു. ആഹാരമില്ലെങ്കിലും ആരോഗ്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. യോഗസിദ്ധിയുടെ സവിശേഷതയാണത്. ഒത്തശരീരം കണ്ടപ്പോള്‍ ഇവനെ കാളിക്കു ബലികൊടുക്കാമെന്നു കിരാതന്മാര് കരുതി. വേണമെങ്കില്‍ യോഗബലംകൊണ്ട് ഭരതന് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ യോഗശക്തി സ്വന്തം ആവശ്യത്തിനു ഉപയോഗിക്കാന്‍ ഭരതന് തയ്യാറായില്ല. ആഹാരം നിദ്ര എന്നതു മരണവും ഒരു സ്വാഭാവിക കാര്യം എന്നായിരുന്നു ഭരതന്റെ ചിന്ത. അതിനാല്‍ ജഡശരീരത്തെ ഭരതന് രക്ഷിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ഭരതന് ജഡഭരതനെന്ന് അറിയപ്പെട്ടു.
ജഡഭരതനെ ‘കുളിപ്പിച്ച് ശുദ്ധമാക്കി’ ദേവിക്കുമുന്നില്‍ ബലിമൃഗമായിക്കൊണ്ടുവന്നു. ആത്മസ്വരൂപിയായ ഭരതനെ ബലികൊടുക്കുന്ന രാക്ഷസീയത കണ്ട് ദേവി കുപിതയായി. ഭരതന്റെ രക്ഷയ്ക്കായി ദേവി തനെ പ്രത്യക്ഷയായി. കാട്ടാളന്മാരുടെ കയ്യിലെ ആയുധം പിടിച്ചുപറ്റി. അതുകൊണ്ടുതന്നെ അവരെ വകവരുത്തി. ഭരതനെന്ന ആത്മജ്ഞാനിയെ രക്ഷിച്ചു. ഭരതന് അതിലും പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല. കാരണം ഭരതന് ശരീരബോധം തീരെ ഇല്ലാത്തവനായിക്കഴിഞ്ഞിരുന്നു. ശരീരവുമായി ബന്ധപ്പെട്ട കുളി, ആഹാരം, ഉറക്കം, വിശ്രമം എന്നൊന്നും ഭരതന് ബാധകമല്ലായിരുന്നു. ശരീരത്തിലെ വസ്ത്രംപോലും നഷ്ടമാകുന്നത് ഭരതന് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഭരതന് വരുന്നത് നാഴികകള്‍ക്കപ്പുറത്തുനിന്നു അറിയാനാകും. കാരണം കല്യാണ സൗഗന്ധിക പുഷ്പംപോലെ സുഗന്ധം നാടെങ്ങും പരത്തിയായിരുന്നു യാത്ര.
ഒരിക്കല്‍ കപിലാശ്രമത്തിലേക്കു പോകുന്ന സൗവീര രാജാവായ രഹുഗണന്‍ ഭരതനെക്കണ്ടു. തന്റെ പല്ലക്കു ചുമക്കുന്ന അമാലന്മാരില്‍ ഒരാള്‍ ക്ഷീണിതനായി കണ്ടു പകരം ‘തടിമാടനായ’ ഭരതനെ പല്ലെടുക്കാന്‍ കല്പ്പിച്ചു. രാജാവല്ലെ ആരോടും എന്തും കല്‍പ്പിക്കാമല്ലോ.
ഭരതനും മറിച്ചൊന്നും പറയാതെ പല്ലക്കു ചുമലിലേറ്റി. ഒരു പൂവു ചുമലില്‍ വെച്ച ഭാരമേ ഭരതനു പല്ലക്കു ചുമലില്‍ വച്ചപ്പോള്‍ തോന്നിയുള്ളൂ. ചുമലില്‍ രാജാവിരിക്കുന്ന ബോധവും ഇല്ലാതെ സാധാരണ പോലെ നടന്നു നീങ്ങി.
ഭരതന്റെ ‘അലംഭാവവും’ ‘ധിക്കാരവും’ രഹുഗണനെ കുപിതനാക്കി. തന്റെ രാജാധികാര വൈഭവം രഹുഗണന്‍ വ്യക്തമാക്കി. പ്രജകളെ ശിക്ഷിക്കാന്‍ അവകാശമുള്ളവനാണ് താനെന്നു ഭരതനോടു പറഞ്ഞു.
ജീവിതത്തില്‍ അതുവരെ മൗനിയായിരുന്ന ഭരതന് പെട്ടെന്നു വാചാലനായി. ഹേ രഹൂഗണ! താഴെ നടക്കുന്ന ഞാന്‍ വെറും മണ്ണ്! ചുമലിലുള്ള മരം (പല്ലക്ക്) മണ്ണ്! ആ പല്ലക്കിലിരിക്കുന്ന രാജാവും മണ്ണ്! ഇതി ആര് ആരെയാണ് ചുമക്കുന്നത്? ആര് ആരെയാണ് ശിക്ഷിക്കുന്നത്?
ബ്രാഹ്മണരൂപിയായ ഭരതന്റെ വാക്കുകള്‍ കേട്ട് രഹൂഗണന്‍ വിസ്മിതനായി. രാജാവ് പലക്കില്‍നിന്നിറങ്ങി ഭാരതനെ നമസ്കരിച്ചു. തന്റെ അറിവില്ലായ്മയ്ക്ക് മാപ്പപേക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ മുന്‍ ജന്മത്തിലെ മാന്കുട്ടി തന്നെയാണത്രെ ഈ ജന്മത്തിലെ രഹൂഗുണനായത്.
തുടര്‍ന്നു രഹൂഗുണനും ഭരതനും തമ്മില്‍ നടന്ന സംഭാഷണം ലോകോത്തരമായ ആത്മീയ തത്വങ്ങളായിരുന്നു. അവര്‍ ഗുരുശിഷ്യന്മാരായിത്തീര്‍ന്നു. ഭരതന് പറഞ്ഞു രഹൂഗണാ ആത്മജ്ഞാനം വേദാദ്ധ്യയനം കൊണ്ടോ തപസ്സുകൊണ്ടോ യാഗംകൊണ്ടോ നേടാന്‍ എളുപ്പമല്ല. അതിനുള്ള എളുപ്പമാര്‍ഗം സജ്ജന സമ്പര്‍ക്കം അഥവാ സത്സംഗമാണ്. സജ്ജനസംഭാഷണം കേട്ടാന് ഉടനെ മനഃശുദ്ധി വന്ന് ആത്മജ്ഞാനം തെളിയുന്നു. അതിനാല്‍ സജ്ജന സേവന സമ്പര്‍ക്കം അഥവാ സത്സംഗമാണ്. സജ്ജന സംഭാഷണം കേട്ടാല്‍ ഉടനെ മനഃശുദ്ധി വന്ന് ആത്മജ്ഞാനം തെളിയുന്നു. അതിനാല്‍ സജ്ജനസേവ വ്രതമാക്കുക.
‘ഭവാടവി’ എന്ന രസകരമായ ഉദാഹരണത്തിലൂടെ ഭരതന് രഹൂഗണന്ന് ജീവിത രഹസ്യം പറഞ്ഞുകൊടുത്തു. ഈ ജീവിതം എന്നത് കാട്ടില്‍ ആടുമേക്കുന്ന ആട്ടിടയന്റേതുപോലെയാണ്. ഏതു സമയത്തും ശ്രദ്ധ വേണം അല്ലെങ്കില്‍ കുറുക്കനും നരിയും ആടിനെ ഇരയാക്കും. അതുമാത്രമല്ല കൊതുകുകളും അട്ടകളും നിറഞ്ഞ കാട്ടിലെ വാസം ദുഃസഹമാണ്. മനസ്സിലെ കാമ, ക്രോധ, ലോഭ, മോഹ, മദ, മത്സര്യാദി ഷഡ്വൈരികളെയാണ് ഭരതന് കാട്ടിലെ ശത്രുക്കളായി ചിത്രീകരിച്ചത്. ആ ആറു ശത്രുക്കളെ ജയിക്കുന്നതുതന്നെ ജീവിത വിജയത്തിന്റെ താക്കോല്‍. ഭാഗവതത്തിലെ ഭവാടവീ വര്‍ണ്ണനം രസകരമായ ഒരു സംഗതിയാണ് മക്കള്‍ വലുതാകുമ്പോള്‍ അതറിയാന്‍ ശ്രമിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: